
ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ സൗന്ദര്യമത്സര ജേതാവ്, നടി, മോഡൽ, സാമൂഹിക പ്രവർത്തക, നിതാഷ ബിശ്വാസ് എന്ന ട്രാൻസ്‌വുമൺ ജീവിതത്തിൽ പോരാടി തളർന്നുനിൽക്കുന്ന ഏവർക്കും പ്രചോദനമാണ്. പ്രതിസന്ധികളിൽ തളരാതെ സ്വന്തമായൊരു വ്യക്തിത്വം സമൂഹത്തിൽ ഉറപ്പിക്കാൻ സാധിക്കും എന്ന് കാട്ടിത്തരുന്ന യുവതി. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ സമൂഹത്തിൽ നേരിടുന്ന വേർതിരിവ് അവസാനിപ്പിക്കാൻ ഭാവിയിൽ ഒരു രാഷ്ട്രീയപ്രവർത്തകയാകണമെന്നതാണ് നിതാഷ ബിശ്വാസിന്റെ സ്വപ്‌നം. താൻ കടന്നുവന്ന യാതനകൾ നിറഞ്ഞ പാതയിലൂടെ ഇനി മറ്റൊരു ട്രാൻസ്‌ജെൻഡർക്കുകൂടി നടന്നുനീങ്ങേണ്ടി വരരുതെന്ന ചിന്തയാണ് പൊതുപ്രവർത്തകയാകാൻ നീതയെ പ്രേരിപ്പിക്കുന്ന ഘടകം.
സുവാൻകോ എന്ന പേരിൽ കൊൽക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച നിതാഷ മറ്റ് ആൺകുട്ടികളിൽ നിന്ന് താൻ വ്യത്യസ്തയാണെന്ന് കുട്ടിക്കാലം മുതൽ തന്നെ മനസിലാക്കിയിരുന്നു.ആറാം വയസിൽ അമ്മയെ നഷ്ടപ്പെട്ട നിതാഷ തന്റെ വ്യക്തിത്വത്തെക്കുറിച്ച് പിതാവിനെയും സഹോദരനെയും പറഞ്ഞ് മനസിലാക്കാൻ ഏറെ പണിപ്പെട്ടു. ആദ്യമായി അവരോട് തുറന്നുപറഞ്ഞപ്പോൾ ഇത് തെറ്റാണ് എന്നായിരുന്നു പിതാവിന്റെ പ്രതികരണമെന്ന് നിതാഷ പറയുന്നു. അവർക്ക് ഇക്കാര്യം ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
ഏറെ പ്രതിസന്ധികൾ നിറഞ്ഞ കുട്ടിക്കാലത്തിനൊടുവിൽ ഡൽഹിയിൽ എത്തിയശേഷമാണ് സ്ത്രീയായി മാറാൻ നിതാഷ തീരുമാനിക്കുന്നത്. പരിവർത്തന ഘട്ടം സങ്കീർണ്ണമായിരുന്നു. ചികിത്സ തുടങ്ങിയപ്പോൾ തന്നെ ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഇത് ഒറ്റരാത്രികൊണ്ട് നടക്കുന്ന പ്രക്രിയയല്ലെന്ന് നിതാഷ പറയുന്നു. ചുറ്റിനും ഉള്ളവർ തന്നെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ജോലി സ്ഥലത്തും വിവേചനം അനുഭവിച്ചു. ട്രാൻസ്‌വുമൺ ആണെന്ന് തിരിച്ചറിഞ്ഞ ശേഷം സഹപ്രവർത്തകർ മുൻപത്തെ പോലെയല്ല പെരുമാറിയതെന്ന് അവർ വെളിപ്പെടുത്തുന്നു. പിതാവ് അസുഖബാധിതനായി കിടന്ന സമയത്താണ് ഏറെ നാളുകൾക്ക് ശേഷം വീട്ടിൽ തിരികെയെത്തുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനെക്കാൾ നല്ല അഭിപ്രായങ്ങളാണ് തനിക്ക് ലഭിച്ചത്. താൻ മാതാവിന്റെ പ്രതിരൂപമാണെന്ന് കുറേപ്പേർ പറഞ്ഞതായി നീതാഷ പറഞ്ഞു.
സമൂഹത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം നേരിടുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്നയാളാണ് നിതാഷ. ട്രാൻസ്‌ജെൻഡറുകളെക്കുറിച്ച് ആളുകൾക്ക് മിഥ്യാധാരണകളുണ്ട്. ഏറ്റവും വലിയ മാറ്റം ആരംഭിക്കേണ്ടത് സ്കൂളിൽ നിന്നാണ്. സ്ത്രീ-പുരുഷ ശരീരങ്ങളുടെ ശരീരഘടന പഠിക്കപ്പെടുന്നു, എന്നാൽ ട്രാൻസ്‌ജെൻഡറിനെക്കുറിച്ച് പഠിപ്പിക്കുന്നില്ല. വിഷയം നമ്മുടെ സ്കൂൾ സിലബസിന്റെ ഭാഗമാക്കിയെങ്കിൽ മാത്രമേ സമൂഹത്തിലെ ഈ വിവേചനം ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ഒടിടി പ്ളാറ്റ്‌ഫോമുകളിൽ നിന്ന് നിരവധി അവസരങ്ങൾ വരുന്നുണ്ടെന്ന് നടിയും മോഡലുമായ നിതാഷ പറഞ്ഞു. എന്നാൽ പൊതുപ്രവർത്തകയാവുകയെന്നതാണ് തന്റെ സ്വപ്നമെന്നും നിതാഷ വെളിപ്പെടുത്തി.