
ന്യൂഡൽഹി: വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. സി ഇ ഒ അദാർ പൂനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാട്‌സാപ്പിലൂടെ 'വ്യാജൻ' പണമാവശ്യപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
അദാർ പൂനവാലയാണെന്നും പെട്ടെന്ന് ഒരു കോടി രൂപ അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്‌സാപ്പ് വഴി സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സന്ദേശത്തിൽ ഉണ്ടായിരുന്നു.
തുടർന്ന് കമ്പനിയിലെ ഉദ്യോഗസ്ഥർ 1,01,01,554 രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീടാണ് പൂനവാല വിവരമറിഞ്ഞത്. തുടർന്ന് അദ്ദേഹം ബണ്ട് ഗാർഡൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.