dog

കണ്ണൂർ: സംസ്ഥാനത്ത് തെരുവ്‌നായ പ്രശ്‌നം ഗുരുതരമായ സ്ഥിതിയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തര കർമ്മപദ്ധതി മുഖ്യമന്ത്രിയെ കണ്ട് തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 152 ബ്ളോക്കുകളിലായി എബിസി സെന്റർ സജ്ജമാക്കും. നിലവിൽ ഇതിൽ മുപ്പതെണ്ണം തയ്യാറായതായി മന്ത്രി പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ തെരുവ്‌നായ പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശം.

സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട തത്‌സ്ഥിതി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ മാസം 28ന് പരിഹാരം നിർദ്ദേശിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഉൾപ്പെടെ എല്ലാ കക്ഷികളും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വലിയ ഭീഷണിയായ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.'ഞാനും നായ്ക്കളെ ഇഷ്ടപ്പെടുന്നു. വളർത്തുകയും ചെയ്യുന്നു. എന്നാൽ കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഗുരുതരമാണ്. അടിയന്തര പരിഹാരം കണ്ടേ തീരൂ.' ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അതേസമയം മുനിസിപ്പൽ, പഞ്ചായത്ത് നിയമങ്ങളനുസരിച്ച് അപകടകാരികളായ തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടു. പേ വിഷ വാക്സിൻ സ്വീകരിച്ച കുട്ടികൾ വരെ മരിക്കുകയാണെന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ വി.കെ. ബിജുവും ചൂണ്ടിക്കാട്ടി. ബിജുവിന്റെ ആവശ്യം അംഗീകരിച്ചാണ് സിരിജഗൻ കമ്മിഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഈ കാരണം പറഞ്ഞ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗ സ്‌നേഹികളുടെ അഭിഭാഷകൻ പറഞ്ഞു.