
മലയാള നാടകവേദിയുടെ വളർത്തച്ഛനും പ്രശസ്ത നടനും സംവിധായകനുമായ പി.കെ. വേണുക്കുട്ടൻനായരോട് കെ. ആശ എന്ന പത്തൊൻപതുകാരിക്ക് കടുത്ത ആരാധന. ജ്യേഷ്ഠ സഹോദരൻ മരിച്ചപ്പോൾ കുടുംബത്തിനു അത്താണിയാവാൻ വിവാഹം പോലും ഉപേക്ഷിച്ച പി.കെ. വേണുക്കുട്ടൻ നായരെ അന്നു മുതൽ ആശ സാർ എന്നു വിളിച്ചു. ഇരുപത്തിരണ്ടാം വയസിൽ അമ്പത്തിയാറു വയസുള്ള വേണുക്കുട്ടൻ നായരുടെ പ്രിയ പാതിയായി. ആശ എന്ന പേരിനൊപ്പം സുവർണരേഖ ചേർന്നു. ഇരുപതുവർഷമായി നാടകത്തെ വെല്ലുന്ന നാടകീയതയും സംഘർഷങ്ങളുമുണ്ട് ആശ സുവർണരേഖയുടെ ജീവിതത്തിന്.
പത്തു വർഷം മുൻപ് വരെ ഇത് തുല്യമായി പങ്കിടാൻ വേണുക്കുട്ടൻ നായർ ഉണ്ടായിരുന്നു. അകാലത്തിൽ വിടപറഞ്ഞ പി.കെ . വേണുകുട്ടൻ നായരുടെ ഓർമകൾക്ക് നവംബർ 26ന് പത്തുവയസ് . നാടകവഴിയിൽ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകയുമായ ആശ സുവർണരേഖ 58 -ാം വയസിൽ സ്കൂൾ ഒഫ് ഡ്രാമയിൽ നിന്ന് തിയേറ്രർ ആർട്സിൽ രണ്ടാം റാങ്ക് നേടി. അടുത്ത ലക്ഷ്യം പി.എച്ച്. ഡി. ആശ സുവർണരേഖ ഇനി പറയുന്നത് നാടകമല്ല. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിനുസമീപം സഹോദരിയുടെ വീട്ടിലിരുന്ന് ജീവിതത്തിന്റെ രംഗപാഠം വിവരിക്കുകയാണ് ആശ സുവർണരേഖ.
ഈ പ്രായത്തിൽ പഠിക്കണോ?
തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ പഠിക്കാൻ തീരുമാനിച്ചപ്പോൾ പലരും ചോദിച്ചു. ഈ പ്രായത്തിൽ പഠിച്ചാൽ ജോലി ലഭിക്കുമോ? എനിക്ക് ജീവിക്കണം. ജോലി ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. കേരള സംഗീത നാടക അക്കാഡമി നാടക വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ്, ഇടയ്ക്ക് എപ്പോഴോ പഠിച്ച ഡി.ടി.പി ജോലിയിൽനിന്ന് സ്വരൂപിച്ച പണം ബന്ധുക്കളുെടയും സുഹൃത്തുക്കളുടെയും സഹായം എല്ലാം ഒത്തു വന്നതിനാൽ കോഴ്സ് പൂർത്തിയാക്കാൻ സാധിച്ചു. നാലു മാസം മുൻപാണ് റിസൽറ്റ് വന്നത്. പി.കെ. വേണുക്കുട്ടൻനായരുടെ നാടകങ്ങളിലെ ഫെമിനിസം എന്ന വിഷയത്തിൽ പി.എച്ച്.ഡി ചെയ്യാനാണ് ആഗ്രഹം. എൻട്രൻസ് എഴുതിയിട്ടുണ്ട്. പി.എച്ച്.ഡി ഇല്ലാത്തതിനാൽ നാടകരംഗത്തുനിന്ന് ചേട്ടൻ നേരിട്ട അവഗണന കാരണമാണ് തന്നെ ബി.എ പഠനത്തിനു ചേർത്തത്. അവഗണന ഇനിയെങ്കിലും മാറട്ടെ.
ലൈഫിലുണ്ട് ലൈഫില്ല
ഒരു തുണ്ട് ഭൂമിയില്ല. വാടകവീടുകളിലായിരുന്നു താമസം. ചേട്ടന്റെ ചികിത്സയുടെ ഭാഗമായി ഞങ്ങൾ രണ്ടുപേരുടെയും വസ്തുക്കൾ വിറ്റു. ലൈഫ് മിഷൻ പദ്ധതിയുടെ ലിസ്റ്രിൽ പേരുണ്ട്. കേരളത്തിൽ എവിടെയെങ്കിലും വീട് അനുവദിച്ചാൽ മതി.ആയിരത്തിലധികം നാടക ഗ്രന്ഥങ്ങൾ, സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ചേട്ടന് ലഭിച്ച അംഗീകാരങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ല. മൂന്നു തവണ മികച്ച സംവിധായകൻ, ഒരു തവണ മികച്ച നാടക സംവിധായകൻ, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. കേരളസംഗീത നാടക അക്കാഡമി പുരസ്കാരങ്ങൾ, ഫെലോഷിപ്പ്. ഞങ്ങളുടെ ആകെ സമ്പാദ്യങ്ങളാണ് പുരസ്കാരങ്ങളും പുസ്തകങ്ങളും. പി.കെ. വേണുക്കുട്ടൻനായരുടെ പേരിൽ ഒരു ട്രസ്റ്റും നാടക സ്കൂളും ആരംഭിക്കണം. എന്നിട്ട് മരിക്കണമെന്നാണ് ആഗ്രഹം.
1000 + 1600
അവശകലാകാരൻമാരുടെ കുടുംബ പെൻഷനായി ചലച്ചിത്ര അക്കാഡമി ആയിരം രൂപ തരും. വിധവ പെൻഷനായി 1600 രൂപ. ഇതാണ് വരുമാനം. നാലു ലക്ഷം രൂപയുടെ ബാദ്ധ്യത പരിഹരിക്കാൻ ഒന്നാം പിണറായി സർക്കാർ സഹായിച്ചു. അർത്ഥവത്തായ നാടകവേദി ലക്ഷ്യമിട്ടാണ് സുവർണരേഖ തിയേറ്റർ സ്റ്റഡി ഗ്രൂപ്പ് ഒ.എൻ.വിയും അയ്യപ്പപണിക്കരും പി.കെ. വേണുക്കുട്ടൻനായരും ചേർന്ന് ആരംഭിക്കുന്നത്. പ്രേംജിയെക്കുറിച്ച് കേരളകൗമുദിയിൽ ലേഖനം എഴുതിയപ്പോൾ ആശ സുവർണരേഖ എന്ന പേര് ചേട്ടൻ തന്നെയാണ് ഇട്ടത്. നാടക തിരക്കിൽ കഴിഞ്ഞ കാലത്ത് ചേട്ടൻ എനിക്ക് അയച്ച കത്തുകൾ പുസ്തകമായി ഉടൻ പുറത്തിറങ്ങും. ഞങ്ങളുടെ ബന്ധം എത്ര പവിത്രമായിരുന്നെന്നും കത്തുകളിലൂടെ അറിയാം. കത്തുകൾ കഥ പറയട്ടെ എന്നാണ് പേര്.
25 വർഷം
ഞങ്ങൾ തമ്മിൽ മുപ്പത്തിമൂന്നു വയസിന്റെ വ്യത്യാസമുണ്ട്. 25 വർഷം ഒരുമിച്ചു ജീവിച്ചു. നാടകമാണ് ഞങ്ങളെ ബന്ധിപ്പിക്കുന്നത്. ഞാൻ ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് സ്വന്തം പേരിൽ കൂടുതൽ നാടകങ്ങൾ ചെയ്യുന്നത്. എഴുത്ത് ഇഷ്ടമായതിനാൽ സ്വാതിതിരുനാൾ, സഖാവ് എന്നീ നാടകങ്ങൾക്ക് രംഗപാഠം ചെയ്തപ്പോൾ കേട്ടെഴുത്ത് എന്റെ വക ആയിരുന്നു. ആർജ്ജവവും ഇച്ഛാശക്തിയുമാണ് പി.കെ. വേണുക്കുട്ടൻനായരുടെ കരുത്ത് . അത് ഒരു കള്ളക്കേസിൽപ്പെട്ട് നഷ്ടപ്പെട്ടതോടെ പി. കെ വേണുകുട്ടൻ നായർ ഇല്ലാതായി. സമ്പത്തും ആരോഗ്യവും മോശമായ അവസ്ഥയായിരുന്നു പിന്നീട്. അവഗണനയുടെ സമയത്ത് 'സൂര്യ"യുടെ ഗുരുവന്ദനത്തിൽ നിന്ന് മൂന്നര ലക്ഷം രൂപ ലഭിച്ചു. മലയാള നാടക രംഗം പി.കെ. വേണുക്കുട്ടൻനായരെ വേണ്ട രീതിയിൽ അംഗീകരിച്ചില്ല. ജീവിക്കാൻ ബുദ്ധിമുട്ടിയപ്പോൾ പലരിൽനിന്നും സഹായം ലഭിച്ചു. എവിടെ നിന്നും നീതി ലഭിച്ചില്ല. ഔദ്യോഗിക ബഹുമതി പോലുമില്ലാതെയായിരുന്നു സംസ്കാര ചടങ്ങ്. അനീതിയെ നാടകം എന്ന മാദ്ധ്യമത്തിലൂടെ തുറന്നെതിർത്ത നാടകപ്രവർത്തകനോട് കാട്ടിയതും അനീതി.