google

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ലോകമാകെ വിവിധ മേഖലകളിലുള‌ളവർ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളും രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ചു. തീർത്തും വ്യത്യസ്‌തമായ തരത്തിൽ. അവരുടെ ലോഗോ ചാരനിറത്തിലാക്കിയാണ് തങ്ങളുടെ ആദരം ഗൂഗിൾ പ്രകടിപ്പിച്ചത്. സാധാരണയായി തെളിഞ്ഞ നീല, ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങൾ ചേർന്നതാണ് ഗൂഗിളിന്റെ ലോഗോ.

ലോഗോ നിറം മാറിയത് ജനങ്ങൾക്കിടയിൽ അൽപം ആശ്ചര്യമുളവാക്കി. കർസർ ലോഗോയിലേക്ക് വയ്‌ക്കുമ്പോൾ എലിസബത്ത് രാജ്ഞിയുടെ പേര് കാണുന്നതോടെയാണ് പലരും കാര്യം മനസിലാക്കിയത്. സെപ്‌തംബർ എട്ടിന് സ്‌കോട്‌ലന്റിലെ ബാൽമോറൽ കാസിലിൽ വച്ചാണ് 96കാരിയായ എലിസബത്ത് രാജ്ഞി അന്തരിച്ചത്. നീണ്ട 70 വർഷത്തോളം സ്ഥാനത്തിരുന്ന ശേഷമാണ് രാജ്‌ഞിയുടെ അന്ത്യം. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന രാജ്ഞിയാണ് എലിസബത്ത്. സെപ്‌തംബർ 19ന് വെസ്‌റ്റ്‌മിൻസ്‌റ്റർ അബിയിലാകും രാജ്ഞിയുടെ സംസ്‌കാരം നടക്കുക.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ യുകെയിലുള‌ളവർക്കും ലോകമാകെയുള‌ളവർക്കും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അനുശോചനം അറിയിച്ചു. പ്രശസ്‌തരായ വ്യക്തികൾക്ക് ആദരവായി ഗൂഗിൾ മുൻപും തങ്ങളുടെ ലോഗോ പരിഷ്‌കരിച്ചിട്ടുണ്ട്.