palliyodam

ആലപ്പുഴ: തിരുവാന്മുള ദർശനത്തിന് പോകവെ മറിഞ്ഞ ചെന്നിത്തലയിലെ പള‌ളിയോടത്തിൽ നിന്നും കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. നാവികസേനാ മുങ്ങൽവിദഗ്ദ്ധരാണ് അച്ചൻകോവിലാറിന്റെ മദ്ധ്യഭാഗത്ത് നിന്നും ചെന്നിത്തല സ്വദേശി രാകേഷിന്റെ(45) മൃതദേഹം കണ്ടെത്തിയത്. ഇതോടെ ചെന്നിത്തല അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്ന് നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോൽസവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല തെക്ക് 93ാം നമ്പർ എൻഎസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള‌ള പള‌ളിയോടം ചെന്നിത്തലയിലെ വലിയപെരുമ്പുഴ കടവിൽനിന്ന് ശനിയാഴ്‌ച പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. ഇതിന് മുന്നോടിയായി രാവിലെ എട്ടുമണിക്ക് വലിയ വെടിമുഴക്കത്തോടെ വലിയപെരുമ്പുഴ കടവിൽ പ്രദക്ഷിണം വയ്‌ക്കുകയായിരുന്നു. ഇതിനിടെ കടവിൽ നിന്നും അൽപം മാറി മറിഞ്ഞു.

പള‌ളിയോടം മൂന്നാം വെടിമുഴക്കത്തിന് ശേഷം 8.56ന് ആറന്മുളയ്‌ക്ക് തിരിക്കേണ്ടതായിരുന്നു. ആ സമയം പോകാത്തവർ വഴിപാടായി ഇതിൽ കയറിയിരുന്നു. തുടർന്ന് ഉണ്ടായ അപകടത്തിൽ ചെന്നിത്തല തെക്ക് പരിയാരത്ത് ആദിത്യൻ(18), ചെറുകോൽ മനാശേരിയിൽ വിനീഷ്(38) എന്നിവർ മരിച്ചു
ആകെ 61 പേരാണ് പള‌ളിയോടത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ചിലർ പള‌ളിയോടം മറിഞ്ഞയുടൻ ഇതിൽ പിടിച്ചുകിടന്നു. സമീപത്തെ ചെറുവ‌ള‌ളങ്ങൾ ഉടൻ എത്തി നിരവധി പേരെ രക്ഷിച്ചു. വൈകാതെ മൂന്നുപേരെ കാണാനില്ലെന്ന വിവരം എത്തിയതോടെ നാട്ടുകാരും സ്‌കൂബാ ഡൈവിംഗ് ടീമും ചേർന്ന് അന്വേഷണത്തിൽ 11 മണിയ്‌ക്ക് ആദിത്യന്റെ മൃതദേഹം കണ്ടെത്തി.12.45ഓടെ വിനീഷിന്റെ മൃതദേഹവും കണ്ടെത്തി.