
മുംബയ്: പ്രായപുർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും കുട്ടിയോട് തുടർച്ചയായി മോശമായി പെരുമാറുകയും ചെയ്‌ത പ്യൂണിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ദക്ഷിണ മുംബയിലാണ് സംഭവമുണ്ടായത്. കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്യൂണായി ജോലിനോക്കുന്ന 28കാരനാണ് പിടിയിലായത്. 15 കാരിയായ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ സ്കൂളിലേക്ക് വിളിച്ച് അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.
സെപ്തംബർ 5 ന് പെൺകുട്ടി തനിച്ചിരുന്ന സമയത്ത് അടുത്തെത്തിയ പ്യൂൺ പെൺകുട്ടിയുടെ ശരീരത്തിൽ മോശമായി സ്‌പർശിക്കുകയും പെരുമാറുകയും ചെയ്‌തു. ഇതോടെ ഭയന്നുപോയ പെൺകുട്ടി സ്‌കൂളിലേക്ക് പോകാതെയായി. തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ സ്കൂൾ പരിസരത്തുവച്ച് ഇയാൾ നിരവധി തവണ ഉപദ്രവിക്കുകയും വീഡിയോ കാൾ ചെയ്ത് ഭയപ്പെടുത്തുകയും ചെയ്‌തു. ഇയാൾക്കെതിരെ പോക്‌സോ, ലൈംഗികാതിക്രമം അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി സെപ്തംബർ 14 വരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടയച്ചു.