puli

തൃശൂർ: സാംസ്‌കാരിക നഗരിയിലെ ഓണാഘോഷത്തിന്റെ ഭാഗമായ ഏറ്റവും പ്രധാന ആകർഷണമായ പുലികളിയ്‌ക്കായി വേഷക്കാർ എത്തിത്തുടങ്ങി. അരയിൽ ചിലങ്ക കെട്ടി പ്രത്യേക നൃത്തച്ചുവടുകളുമായി കണ്ടാൽ അമ്പരക്കുന്ന വേഷവിധാനത്തോടെയാണ് ഇരുനൂറ്റിയമ്പതോളം പുലികളി വേഷക്കാർ നഗരത്തിലെ സ്വരാജ് റൗണ്ടിലെത്തിയത്. നഗരം അക്ഷരാർത്ഥത്തിൽ പുലികളിയുടെ ആവേശത്തിലാണ്.

അഞ്ച് സംഘങ്ങളാണ് പുലികളി നടത്തുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണമുള‌ളതിനാൽ ഇതോടൊപ്പമുള‌ള സർക്കാർ പരിപാടികൾ ഇന്നുണ്ടാകില്ല. ഓണാവേശത്തിൽ പുലികളി ആസ്വദിക്കാൻ സ്വദേശികളും വിനോദസഞ്ചാരികളുമടക്കം നിരവധി പേരാണ് തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിലേക്ക് എത്തുന്നത്.

pppuli

കുതിരപ്പുറത്തേറിയും തെയ്യം വേഷത്തിലുമെല്ലാം പുലിവേഷക്കാർ നഗരത്തിലെത്തി. കാനാട്ടുകര, അയ്യന്തോൾ, പൂങ്കുന്നം, വിയ്യൂർ, ശക്തൻ എന്നീ അഞ്ച് ദേശത്തിലെ 250ഓളം പേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനശേഷം നടക്കുന്ന ആദ്യ ആഘോഷമായതിനാൽ ഇത്തവണ കനത്ത പൊലീസ് വിന്യാസവും തൃശൂർ നഗരത്തിലുണ്ട്.

ppuli

അഞ്ഞൂറിലധികം പൊലീസുകാരാണ് സുരക്ഷയ്‌ക്കായി നഗരത്തിലുള‌ളത്. പുലികൾ എത്തിത്തുടങ്ങിയതോടെ ഉച്ചമുതൽ തന്നെ സ്വരാജ് റൗണ്ടിൽ വാഹനഗതാഗതം ഉണ്ടായിരുന്നില്ല. ഔട്ടർ റിംഗ് റോഡ് വഴിയായിരുന്നു ഗതാഗതം. കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് വ്യാപനം മൂലം പുലികളി നടക്കാത്തതിനാൽ ഇത്തവണ വലിയ ജനക്കൂട്ടം തന്നെയാണ് പുലികളി കാണാനെത്തിയിരിക്കുന്നത്.