pak

കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച ഇമ്രാനുമായി സഞ്ചരിച്ച വിമാനം പറക്കുന്നതിനിടെ സാങ്കേതിക തകരാറുകൾ നേരിട്ടതോടെ അടിയന്തര ലാൻഡിംഗ് നടത്തിയെന്നാണ് പാക് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ഗുജ്‌റൻ‌വാലയിൽ ഒരു റാലിയിൽ പങ്കെടുക്കാനായി പോകവെയായിരുന്നു സംഭവം. തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ കൺട്രോൾ ടവറുമായി ബന്ധപ്പെട്ട പൈലറ്റ് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. തുടർന്ന് റോഡ് മാർഗ്ഗം ഇമ്രാൻ ഖാൻ ലക്ഷ്യസ്ഥാനത്തെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നെന്ന വാർത്ത തെറ്റാണെന്നും മോശം കാലാവസ്ഥയെ തുടർന്ന് ഇമ്രാൻ ഖാന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ ഇസ്ലാമാബാദിൽ തിരിച്ചിറക്കുകയായിരുന്നെന്നുമാണ് പി.ടി.ഐ നേതാവ് അസ്‌ഹർ മഷ്‌വനി പറയുന്നത്.