petrol

 എന്നിട്ടും വിലകുറയ്ക്കാൻ നടപടിയില്ല

കൊച്ചി: ഏതാനും ആഴ്‌ചകൾക്ക് മുമ്പുവരെ പെട്രോൾ വില്പനയിൽ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ നേരിട്ടിരുന്ന നഷ്‌ടം ലിറ്ററിന് 14-18 രൂപയായിരുന്നു; ഡീസലിന് 20-25 രൂപയും. ഇപ്പോൾ പെട്രോൾ വിൽക്കുന്നത് നഷ്‌ടമില്ലാതെ. ഡീസലിന്റെ നഷ്‌ടം കുത്തനെ കുറയുകയും ചെയ്‌തു.

ജൂൺ ആദ്യവാരം ബാരലിന് 123 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് ഏഴുമാസത്തെ താഴ്ചയായ 93.84 ഡോളറിൽ. ഡബ്ള്യു.ടി.ഐ ക്രൂഡ് വില ഇക്കാലയളവിൽ 118 ഡോളറിൽ നിന്ന് 86.79 ഡോളറിലേക്കും താഴ്‌ന്നു. 121 ഡോളറായിരുന്ന ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്)​ 88 ഡോളറിലേക്കും കുറഞ്ഞു.

പക്ഷേ,​ മേയ് 22ന് ശേഷം പെട്രോൾ, ഡീസൽവില പരിഷ്‌കരിക്കാൻ എണ്ണവിതരണ കമ്പനികൾ തയ്യാറായിട്ടില്ല. മേയ് 22ന് കേന്ദ്രസർക്കാർ ഡീസലിന് 8 രൂപയും പെട്രോളിന് 6 രൂപയും എക്‌സൈസ് നികുതി കുറച്ചിരുന്നു. അന്നുമുതൽ ഇതുവരെ ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.

വില $90ന് മേലെ നിറുത്താൻ ഒപെക്

ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് താഴെപ്പോകാതെ നിലനിറുത്താനുള്ള നടപടികളാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്‌ പ്ളസ് സ്വീകരിക്കുന്നത്. കഴിഞ്ഞവാരം വില 90 ഡോളറിന് താഴെയായിരുന്നു. ഉത്പാദനം കൂട്ടുന്ന ട്രെൻഡിന് വിരാമമിടാൻ കഴിഞ്ഞവാരം ചേർന്ന ഒപെക്‌ പ്ളസ് യോഗം തീരുമാനിച്ചിരുന്നു. ഒക്‌ടോബറോടെ പ്രതിദിനം ഒരുലക്ഷം ബാരൽ വീതം ഉത്‌പാദനം വെട്ടിക്കുറയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് വിലവർദ്ധനയ്ക്ക് വഴിയൊരുക്കും.

ഇന്ത്യയ്ക്ക് വേണ്ടത് $85ന് താഴെ

ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതിക്കായി ഇന്ത്യ വൻതുക ചെലവിടുന്നുമുണ്ട്. ഇത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാനും ഇടയാക്കുന്നു. വില ബാരലിന് 85 ഡോളറിന് താഴെ നിലനിൽക്കുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം.

$128.24

കഴിഞ്ഞ മാർച്ചിൽ ഇന്ത്യ ക്രൂഡോയിൽ വാങ്ങിയത് ബാരലിന് 128.24 ഡോളർ നൽകി. ഇപ്പോൾ വാങ്ങുന്നത് 88 ഡോളറിൽ.