
കോഴിക്കോട്: കേരളത്തിലെ തെരുവുനായ പ്രശ്നം സുപ്രീം കോടതി വരെയെത്തി നിൽക്കേ, കോഴിക്കോട് നഗരത്തിലെ അരക്കിണറിൽ കുട്ടികൾക്കടക്കം തെരുവുനായയുടെ കടിയേറ്റു. ആറാം ക്ളാസ് വിദ്യാർത്ഥിനിയായ വൈഗ, ഏഴാം ക്ളാസ് വിദ്യാർത്ഥിനിയായ നൂറാസ്, ഷാജുദ്ദീൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഗോവിന്ദപുരം സ്കൂളിന് സമീപമുള്ള ഇടവഴിയിൽ വെച്ച് ഉച്ചയ്ക്ക് 3.30യോടെയായിരുന്നു സംഭവം. നായയെ തുരത്തിയോടിച്ച നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഖത്തും കൈകളിലും കാലിന്റെ പിൻഭാഗത്തും കടിയേറ്റ കുട്ടികൾക്ക് ഗുരുതരമായ മുറിവുകളുണ്ട്.
കോഴിക്കോട് വിലങ്ങാട് സമാനമായ സംഭവത്തിൽ ആറാം ക്ളാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ
മകനായ ജയസൂര്യനാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. സഹോദരനോടൊത്ത് കടയിൽ പോയി മടങ്ങവേ ആയിരുന്നു തെരുവുനായ തുടയിൽ കടിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയെ നാദാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.