
ലണ്ടൻ :സ് കോട്ട്ലൻഡിലെ വീഥികളിൽ ഹൃദയ ഭാരത്തോടെ കാത്തുനിന്ന ആയിരങ്ങളുടെ കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി
എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹം അന്ത്യയാത്ര തുടങ്ങി. സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിൽ നിന്നാണ് ശവമഞ്ച വാഹനം യാത്ര തുടങ്ങിയത്. പ്രാദേശിക സമയം രാവിലെ തുടങ്ങിയ യാത്ര ഉച്ചതിരിഞ്ഞ് എഡിൻബറോയിൽ എത്തി. 175 മൈൽ യാത്രയ്‌ക്ക് ആറ് മണിക്കൂറിലേറെ എടുത്തു. രാജ്ഞിയുടെ ഭൗതികദേഹം അടക്കം ചെയ്‌ത പേടകത്തിൽ
സ്കോട്ട്ലൻഡിലെ രാജമുദ്രയുള്ള പതാക പുതപ്പിച്ചിട്ടുണ്ട്. ബാൽമൊറൽ കൊട്ടാരത്തിലെ ഉദ്യാനത്തിൽ നിന്ന് ശേഖരിച്ച, എലിസബത്ത് രാജ്ഞിക്ക് ഏറെ ഇഷ്ടപ്പെട്ട ഡാലിയ ഉൾപ്പെടെ വിവിധ ഇനം പൂക്കൾ കൊണ്ട് തയ്യാറാക്കിയ പുഷ്പചക്രം പേടകത്തിന് മുകളിൽ വച്ചിട്ടുണ്ട്.
രാവിലെ കൊട്ടാരത്തിലെ ആറ് ജീവനക്കാർ ചേർന്നാണ് ഓക്ക് തടിയിൽ നിർമ്മിച്ച ശവപേടകം കാറിലേക്ക് എടുത്തു വച്ചത്. തുടർന്ന് രാജ്ഞി അവസാനമായി ബാൽമൊറൽ കൊട്ടാരം വിട്ടു.
ജനങ്ങൾ അർപ്പിച്ച പൂക്കൾ നിറഞ്ഞ കൊട്ടാര കവാടം തുറന്ന് വാഹനവ്യൂഹം പുറത്തു വന്നപ്പോഴും നിരവധി ആളുകൾ അന്ത്യയാത്രയ്‌ക്ക് സാക്ഷിയാവാൻ എത്തിയിരുന്നു.
എലിസബത്ത് രാജ്ഞിയുടെ പുത്രി ആൻ രാജകുമാരിയും ഭർത്താവ് വൈസ് അഡ്മിറൽ സർ ടിം ലോറൻസും മറ്റൊരു കാറിൽ അനുഗമിച്ചു.
വാഹന വ്യൂഹം ഏറ്റവും അടുത്ത ഗ്രാമമായ അബദീൻഷയറിൽ എത്തിയപ്പോൾ കാത്തുനിന്ന നൂറുകണക്കിന് ആളുകൾ റോഡിൽ പൂക്കൾ അർപ്പിച്ചു.
എഡിൻബറോയിൽ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ഹോളിറുഡ് ഹൗസിലാണ് ഭൗതിക ദേഹം എത്തിച്ചത്. ഇന്ന് ഉച്ചയോടെ അവിടെ നിന്ന് സെന്റ് ഗൈൽസ് കത്തീഡ്രലിലേക്ക് തിരിക്കും. ചാൾസ് മൂന്നാമൻ രാജാവും രാജകുടുംബാംഗങ്ങളും അനുഗമിക്കും. കത്തീഡ്രലിൽ ഇരുപത്തിനാല് മണിക്കൂർ പൊതുജനങ്ങൾ ആദരാഞ്ജലി അർപ്പിക്കും. ചൊവ്വാഴ്ച രാവിലെ ഭൗതിക ദേഹം എഡിൻബറോ വിമാനത്താവളത്തിൽ എത്തിക്കും. ആൻ രാജകുമാരി അനുഗമിക്കും. അവിടെ നിന്ന് റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽ പടിഞ്ഞാറൻ ലണ്ടനിലെ നോർത്തോൾട്ട് വിമാനത്താവളത്തിൽ എത്തിക്കും. അവിടെ നിന്ന് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടു പോകും. ഈ മാസം 19ന് വെസ്റ്റ് മിൻസ്റ്റർ ആബിയിലാണ് സംസ്‌കാരം.
 ഇന്ത്യയിൽ ദേശീയപതാക താഴ്ത്തിക്കെട്ടി
എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ഇന്നലെചെങ്കോട്ട, രാഷ്ട്രപതി ഭവൻ ഉൾപ്പെടെ എല്ലാ സർക്കാർ മന്ദിരങ്ങളിലെയും ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടി.
ക്യാപ്ഷൻ: എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹവുമായി വാഹനം ബാൽമൊറൽ കൊട്ടാരത്തിന്റെ കവാടം കടന്നപ്പോൾ