meditation-

നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നത് ഓരോ തിരക്കുകളിൽ നിന്നാണ് ,ചിലർ ഇനി ചെയ്യേണ്ടതിനെ മുന്നിൽ കണ്ടുകൊണ്ടും മറ്റുചിലർ ഒന്നിനെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെയുമാണ് ഓരോ ദിവസവും മുന്നോട്ടുകൊണ്ടു പോകുന്നത്. ജീവിതത്തെക്കുറിച്ചുള്ള വ്യാകുലതകളെയും മറ്റു പല കാരണങ്ങളെ കൊണ്ടും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് ഭൂരിപക്ഷവും.

മനസ്സിനെയോ ശരീരത്തെയോ ബാധിക്കുന്ന രോഗങ്ങളുടെ 80 ശതമാനത്തിനു പിന്നിലും മാനസിക സമ്മർദ്ദത്തിന് കൃത്യമായ പങ്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൈഗ്രേൻ , വിഷാദരോഗം , രക്തസമ്മർദ്ദം , മുഖക്കുരു , ഹൃദ്രോഗം, ഉറക്കമില്ലായ്മ , നെഞ്ചെരിച്ചിൽ തുടങ്ങിയ രോഗങ്ങൾക്കും മാനസിക സമ്മർദ്ദം കാരണമാകാറുണ്ട്. അതിയായ ക്ഷീണം, തലവേദന, ദഹനക്കേട്, അമിതമായ വിയർപ്പ്, തലകറക്കം, വിറയൽ , ശ്വാസതടസം, നെഞ്ചിടിപ്പ്, വിശപ്പിലുണ്ടാകുന്ന വ്യതിയാനങ്ങൾ , നഖം കടിക്കൽ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ പലപ്പോഴും മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാവാം.

അതുപോലെ ശ്രദ്ധക്കുറവ്, അമിതമായ മറവി, ചിന്താക്കുഴപ്പം, വിട്ടുമാറാത്ത നിരാശ, അക്ഷമ, കരച്ചിൽ തുടങ്ങിയവയും ഇവയിൽ പെടുന്നതാണ്. ഇതിൽ നിന്നെല്ലാം ഒരു പരിധിവരെ ആശ്വാസം നൽകാൻ മെഡിറ്റേഷൻ സഹായിക്കും.

മാനസിക സമ്മർദ്ദം കുറയ്ക്കാനും നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാനും ഏകാഗ്രമായ മനസ്സിന് കഴിയും. മെഡിറ്റേഷൻ ശരീരത്തിന്റയും മനസിന്റെയും ശാന്തതയ്ക്കുള്ള മറുമരുന്നെന്ന് പറയപ്പെടുന്നു. മെഡിറ്റേഷൻ ശീലിക്കുന്നത് മനസിന് ശാന്തത നൽകാനും മനസിനെ ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റ് വീതം ധ്യാനിക്കുന്നത് ജീവിതത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.

ശരിയായ വിധത്തിൽ ധ്യാനിക്കാം

മെഡിറ്റേഷൻ ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. ബഹളവും ശല്യവുമില്ലാത്ത, ഏകാന്തമായ ഒരിടം നോക്കി തിരഞ്ഞെടുക്കണം. ഇത് വീട്ടിലോ പുറത്തോ ആകാം. കാറ്റും വെളിച്ചവും കിട്ടുന്ന വിശാലമായ സ്ഥലമാണെങ്കിൽ കൂടുതൽ നല്ലതാണ്. വെറും തറയിലിരിക്കാതെ ഒരു പായയോ വിരിപ്പോ ഇരിക്കുന്നിടത്ത് വിരിക്കുക. ശരീരത്തിന് ആയാസം നൽകാത്ത രീതിയിൽ കാലുകൾ മടക്കി നിവർന്നിരിക്കണം. നിവർന്നിരിക്കുമ്പോൾ ശരീരത്തിന് സ്‌ട്രെസ് വരാതെ നോക്കണം.

ധ്യാനത്തിനു വേണ്ടി മാനസികമായി തയ്യാറെടുക്കേണ്ടതാണ് പ്രധാനപ്പെട്ട വിഷയം. കണ്ണുകളടച്ച് കൈകൾ തുടയിൽ നിവർത്തി വച്ച് മനസു ശാന്തമാക്കുക. മറ്റു ചിന്തകൾ കൂടാതെ മനസിനെ ഒന്നിൽ കേന്ദ്രീകരിക്കണം. സാവധാനം ദീർഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക.

ശരീരത്തിനുള്ളിലേക്ക് കഴിയുന്നത്ര വായു ലഭ്യമാക്കണം. ഇത് രക്തത്തിലെ ഓക്സിജന്റെ അളവിലും മാറ്റങ്ങൾ വരുത്തും .

ധ്യാനത്തിലൂടെ ശരീരത്തിലുണ്ടാകുന്ന ഊർജം മനസിനെ സന്തുലിതാവസ്ഥയിലെത്തിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് ഇത് ഏറെ ഉപകാരപ്പെടും.