
കൊച്ചി: 1983 ഡിസംബർ 14.
രാജ്യതലസ്ഥാന മേഖലയിൽ ഹരിയാനയിലെ ഗുരുഗ്രാമിലെ ഫാക്‌ടറിയിൽ നിന്ന് പൂക്കളാൽ അലങ്കരിക്കപ്പെട്ട ഒരു തൂവെള്ള കാർ പുറത്തിറങ്ങി. താക്കോൽ ഏറ്റുവാങ്ങി കാറുമായി ഉടമ ഹർപാൽ സിംഗ് ഗ്രീൻപാർക്ക് റെസിഡൻസിലെ തന്റെ വസതിയിലേക്ക് നീങ്ങി.
അതായിരുന്നു ഈ ഭൂമിയിൽ ജന്മംകൊണ്ട ആദ്യ മാരുതി കാർ,
മാരുതി 800! ആദ്യയാത്രയിൽ തന്നെ മാരുതി 800 കടന്നുകയറിയത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലേക്കായിരുന്നു. മാരുതി 800 ഇന്നും ഉപഭോക്തൃ മനംകവർന്ന് ഇന്ത്യയിലെ ഏറ്റവുമധികം വില്പനയുള്ള മോഡലായി മുന്നേറുന്നു.
800ൽ നിന്ന് മാരുതിയുടെ ചിറകിലേറി പിന്നീട് നിരവധി മോഡലുകൾ വിപണിയിലെത്തി. അവയെല്ലാം തന്നെ വൻ വിജയവുമായി.
ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായിരുന്ന ഹർപാൽ സിംഗ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയിൽ നിന്നാണ് പ്രഥമ മാരുതി 800ന്റെ താക്കോൽ ഏറ്റുവാങ്ങിയത്. പിന്നീട് പ്രധാനമന്ത്രിപദം അലങ്കരിച്ച രാജീവ് ഗാന്ധിയും ചടങ്ങിലുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം അദ്ദേഹം ഡൽഹിയിൽ നിന്ന് മീററ്റിലേക്ക് കുടുംബസമേതം കാർ യാത്രയും നടത്തി. ഭാര്യ ഗുൽഷാൻബീർ കൗർ, മകൾ ഗോവീന്ദർ പാൽ കൗർ, ഗോവീന്ദറിന്റെ ഭർത്താവ് തെജീന്ദർ അലുവാലിയ, പുത്രി സുനിത വാലിയ എന്നിവരാണ് കാറിൽ ഒപ്പമുണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ ഇവർ ചിലയിടങ്ങളിൽ നിറുത്തിയപ്പോൾ വൻ ജനാവലിയാണ് ഒത്തുകൂടി കാർ കണ്ടുംതൊട്ടും ആസ്വദിച്ചത്.
47,300 രൂപയായിരുന്നു ആദ്യ മാരുതി 800ന്റെ വില. നിരവധി പേർ മാരുതി 800ന്റെ ആദ്യ യൂണിറ്റുകൾക്കായി ബുക്ക് ചെയ്‌തിരുന്നെങ്കിലും എല്ലാവർക്കും നൽകാനായില്ല. ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുത്തവർക്ക് മാത്രമാണ് വാഹനങ്ങൾ ലഭിച്ചത്. ചിലർ ഹർപാലിനോട് ഒരുലക്ഷം രൂപയിലധികം വാഗ്‌ദാനം ചെയ്‌ത് കാർ വാങ്ങാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു.
നേരത്തേയുണ്ടായിരുന്ന ഫിയറ്റ് കാർ വിറ്റശേഷമാണ് ഹർപാൽ മാരുതി 800 വാങ്ങിയത്. ഡി.ഐ.എ 6479 എന്ന നമ്പറുള്ള ആ മാരുതിക്കാർ അദ്ദേഹം ജീവിതകാലം മുഴുവൻ ഉപയോഗിച്ചു. മറ്റു കാറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പലരും നിർബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ല.
എല്ലാദിവസവും രാവിലെ അദ്ദേഹം കാർ കഴുകിത്തുടച്ച് വൃത്തിയാക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ചിലസന്ദർഭങ്ങളിൽ എട്ടുപേർ വരെ ഈ കാറിൽ യാത്ര ചെയ്‌തിട്ടുണ്ട്. ഒരിക്കലും യാത്രമുടക്കി കാർ വഴിയിൽ കിടന്നിട്ടുമില്ല.2010ൽ ഹർപാൽ മരിച്ചു. രണ്ടുവർഷത്തിനുശേഷം ഭാര്യയും.