
കീവ് : റഷ്യയ്ക്ക് കനത്ത തിരിച്ചടി നൽകി ഖാർക്കീവിലെ ഇസിയം നഗരത്തിന്റെ ഭാഗങ്ങൾ യുക്രെയിൻ തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം കുപിയാൻസ്‌ക് നഗരം യുക്രെയിൻ തിരിച്ചുപിടിച്ച് മണിക്കൂറുകൾക്കുള്ളിൽ റഷ്യൻ സേന ഇസിയത്തിൽ നിന്ന് പിൻമാറിത്തുടങ്ങിയെന്നാണ് വിവരം. മാർച്ചിൽ യുക്രെയിൻ തലസ്ഥാനമായ കീവിൽ നിന്ന് പിന്മാറിയ ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇസിയം നഷ്ടമായത്.
ആയുധങ്ങളും വെടിമരുന്നുകളും ഉപേക്ഷിച്ചാണ് ആയിരക്കണക്കിന് റഷ്യൻ സൈനികർ പിൻവാങ്ങിയതെന്ന് യുക്രെയിൻ പറയുന്നു. ഇസിയത്തെ ആയുധസന്നാഹങ്ങളുടെ താവളമായാണ് റഷ്യ ഉപയോഗിച്ചത്. റഷ്യ പിടിച്ചെടുത്ത ഖാർക്കീവ് പ്രവിശ്യയുടെ ഓരോ ഭാഗമായി യുക്രെയിൻ തിരിച്ചുപിടിച്ച് തുടങ്ങിയത് ആറ് മാസമായി തുടരുന്ന പോരാട്ടത്തിൽ വഴിത്തിരിവാണ്. റഷ്യൻ അധിനിവേശത്തിന്റെ 200ാം ദിനമായിരുന്നു ഇന്നലെ.
ഖാർക്കീവിൽ നിന്ന് ജനങ്ങൾ എത്രയും വേഗം റഷ്യയിലേക്ക് പോകണമെന്ന് റഷ്യ സ്ഥാപിച്ച ഭരണസമിതി അറിയിച്ചു. ച്‌കാലോവ്‌സ്കീ ഗ്രാമവും തിരിച്ചുപിടിച്ചെന്ന് യുക്രെയിൻ ഇന്നലെ അറിയിച്ചു. ഖേഴ്സൺ നഗരത്തിലും യുക്രെയിൻ പ്രത്യാക്രമണം കടുപ്പിച്ച് തുടങ്ങി.
ഈ മാസം റഷ്യൻ സേനയിൽ നിന്ന് 3,000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശം തിരിച്ചുപിടിച്ചെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു. രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലാണ് യുക്രെയിൻ സൈന്യം മുന്നേറ്റം നടത്തുന്നത്. വടക്ക് കിഴക്കൻ ഖാർക്കീവിലെ 30 ലേറെ പട്ടണങ്ങളും ഗ്രാമങ്ങളും യുക്രെയിൻ തിരിച്ചുപിടിച്ചു. തന്ത്രപ്രധാനമായ ബലാക്ലിയ, കുപിയാൻസ്ക് നഗരങ്ങളും ഇതിൽപ്പെടുന്നു.
ഇസിയത്തിന് പുറത്ത് പോരാട്ടം തുടരുന്നതായാണ് വിവരം. അതേ സമയം, ഇന്നലെ ഖാർക്കീവിലെ യുക്രെയിൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് റഷ്യ അവകാശപ്പെട്ടു.