
വ്യക്തമായ കമ്മ്യൂണിറ്റി ഗൈഡ് ലൈനുകൾ പാലിക്കാത്ത വീഡിയോ കണ്ടന്റുകൾ യൂട്യൂബ്, പ്ളാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യാറുണ്ട്. എന്നാൽ 2022 ഏപ്രിലിനും ജൂണിനുമിടയിൽ ഒരു മില്ല്യണിലധികം വീഡിയോകൾ ഇന്ത്യയിൽ നിന്നും യൂട്യൂബ് നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്കുകൾ പ്രകാരം 1,324,634വീഡിയോകൾ.യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ് ലൈൻ എൻഫോഴ്സ്മെന്റ് റിപ്പോർട്ട് പ്രകാരം ഇത് ഇന്തോനീഷ്യ, അമേരിക്ക, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്.
അമേരിക്കയിൽ നിന്നും 4,45,148 വീഡിയോകളും ഇന്തോനീഷ്യയിൽ നിന്നും 4,27,74 വീഡിയോകളും ബ്രസീലിൽ നിന്നും 2,22,826 വീഡിയോകളും റഷ്യയിൽ നിന്നും 1,92,382 വീഡിയോകളും പാകിസ്ഥാനിൽ നിന്നും 1,30,663 വീഡിയോകളുമാണ് ഈ കാലയലവിൽ നീക്കം ചെയ്തിട്ടുള്ളത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി 30 ശതമാനം, കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന 20 ശതമാനം, നഗ്നതയും ലൈംഗികതയും വെളിപ്പെടുത്തുന്ന14.8 ശതമാനം, ആരോഗ്യത്തിന് ഹാനികരമോ അപകടകരമായതോ ആയ 11.9 ശതമാനം, ഇപ്രകാരം ഉള്ളടക്കമുള്ള വീഡിയോകളാണ് റിപ്പോർട്ട് പ്രകാരം നീക്കം ചെയ്തിട്ടുള്ളത്.
ഇങ്ങനെ നീക്കം ചെയ്ത വീഡിയോകളിൽ 4,195,734 എണ്ണം ഓട്ടോമേറ്റഡ് ഫ്ളാഗ് സംവിധാനം വഴിയും 2,56,109 എണ്ണം ഉപയോക്താക്കൾ വഴിയും 3,4490 എണ്ണം അംഗീകൃത ഫ്ളാഗർമാർ വഴിയുമാണ് നീക്കം ചെയ്തത്. വീഡിയോ നീക്കം ചെയ്യാനായി യൂസേഴ്സിന് യൂട്യൂബിനോട് നിർദേശിക്കാവുന്ന സംവിധാനമാണ് ഫാളാഗിംഗ്. അംഗീകൃത ഫ്ളാഗേഴ്സിൽ സർക്കാർ ഏജൻസികളും എൻജിഒകളും വ്യക്തികളും ഉൾപ്പടുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള വീഡിയോകൾ നീക്കം ചെയ്യാനാണ് ഏറ്റവും കൂടുതൽ ഫ്ളാഗിംഗ് റിപ്പോർട്ടുകൾ യൂട്യൂബിന് ലഭിച്ചത്.