
തിരുവനന്തപുരം: ചായ കുടിക്കാനായി വീട്ടിലെത്തിയ രാഹുൽ ഗാന്ധിയെ കണ്ട് അമ്പരന്നിരിക്കുകയാണ് പള്ളിച്ചൽ പാരൂർകുഴി രതീഷ് ഭവനിലെ രതീഷും കുടുംബവും. ഇന്നലെ വൈകിട്ടാണ് രാഹുൽ ഗാന്ധിയും സംഘവും രതീഷിന്റെ വീട്ടിലെത്തിയത്.
പാറശ്ശാലയിൽ നിന്ന് നേമത്തേക്കുള്ള യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധിക്ക് ചായ കുടിക്കണമെന്ന് ആഗ്രഹം തോന്നിയത്. ഒപ്പമുണ്ടായിരുന്ന പ്രവർത്തകരോട് അത് പറയുകയും ചെയ്തു. വിവരമറിഞ്ഞ പാരൂർകുഴി ദിനേശ് സഹോദരന്റെ വീട്ടിൽ ഇതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.
തുടർന്ന് രതീഷിന്റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി ഇരുപത് മിനിട്ടോളം അവിടെ ചെലവഴിച്ചു. ഇതിനിടെ രതീഷിന്റെ മക്കളായ ആതിരയോടും അഞ്ജലിയോടും നന്നായി പഠിക്കണമെന്ന് ഉപദേശിച്ചു. അതോടൊപ്പം എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കാനും വീട്ടുകാരോട് പറഞ്ഞു. ഇവർക്കൊപ്പം ചിത്രമെടുത്ത്, നന്ദി പറഞ്ഞ ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.