
യുവതിയുടെ ചെവിക്കുള്ളിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാൻ ഒരു ഡോക്ടർ പണിപ്പെടുന്ന വീഡിയോ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. മഞ്ഞനിറത്തിലെ ഒരു കുഞ്ഞൻ പാമ്പ് ചെവിക്കുള്ളിൽ കുടുങ്ങിയിരിക്കുന്നു. ക്ളിപ്പ് ഉപയോഗിച്ച്, കൈയിൽ ഗ്ളൗസണിഞ്ഞ് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഡോക്ടർ. പാമ്പിന്റെ തല പുറത്തുകാണാം. ഏറെ ശ്രമിച്ചിട്ടും പാമ്പ് പുറത്തുവരുന്ന ലക്ഷണമില്ല. ഈ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പാട്‌ന സ്വദേശി ചന്ദൻ സിംഗാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ യുവതി ആരാണെന്നോ പാമ്പ് ചെവിക്കുള്ളിൽ എങ്ങനെ കടന്നുവെന്നോ വ്യക്തമല്ല. വീഡിയോയ്ക്ക് ഇതിനോടകം ഒരു ലക്ഷത്തോളം വ്യൂസും നൂറിൽപ്പരം ലൈക്കുകളും ലഭിച്ചു. സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ വീഡിയോയ്ക്ക് താഴെ കമന്റുകൾകൊണ്ട് മൂടുകയാണ്. ദൃശ്യങ്ങൾ വ്യാജമാണെന്ന് ചിലർ പറയുമ്പോൾ മറ്റ് ചിലർ
യുവതിയുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടുന്നു. ഡോക്ടർക്ക് പകരം പാമ്പ് പിടിത്തക്കാരെ സമീപിക്കണമെന്ന് മറ്റ് ചിലർ പറഞ്ഞു. വീഡിയോ പൂർണമല്ലാത്തതിനാൽ പാമ്പിനെ പുറത്തെടുക്കാൻ കഴിഞ്ഞോയെന്നത് വ്യക്തമല്ല.