operation

ജക്കാർത്ത: കൈകാലുകൾക്ക് ഭേദപ്പെടുത്താനാവാത്ത വിധം ഗുരുതരമായ പരിക്കോ രോഗമോ ബാധിച്ചാൽ ആ അവയവം മുറിച്ചുമാറ്റുകമാത്രമാണ് പോംവഴി. ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയും.വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായാണ് ഇതിനെ വാഴ്ത്തുന്നത്. എന്നാൽ ചികിത്സയുടെ ഭാഗമായി അവയവങ്ങൾ മുറിച്ചുമാറ്റുന്നത് പുതിയ കാര്യമല്ലെന്നും ഏറെ പഴയതുമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. 31,000 വർഷങ്ങൾക്ക് മുമ്പാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഛേദിക്കൽ ശസ്ത്രക്രിയ (അവയവം മുറിച്ചുമാറ്റൽ ) നടന്നുവെന്നതിന് തെളിവുമായെത്തിയിരിക്കുകയാണ് ഒരുസംഘം പുരാവസ്തു ഗവേഷകർ. ഇന്തോനേഷ്യയിലെ ഒരു ഗുഹയിൽ നിന്നാണ് കാൽ മുറിച്ചുമാറ്റിയ നിലയിലുള്ള ചെറുപ്പക്കാരന്റെ അസ്ഥികൂടം ലഭിച്ചത്. കുട്ടിയായിരുന്നപ്പോഴാണ് കാൽ മുറിച്ചുമാറ്റിയതെന്നും പിന്നെയും ഏറെ നാൾ ഇയാൾ ജീവിച്ചിരുന്നുവെന്നും ഗവേഷകർ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു.

ഏതെങ്കിലും രീതിയിലുള്ള അപകടത്തിലൂടെ കാൽ നഷ്ടമായാൽ ആ ഭാഗത്തെ അസ്ഥികൾക്ക് കേടുണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ അസ്ഥികൂടത്തിലെ ശേഷിക്കുന്ന കാലിന്റെ അസ്ഥിക്ക് കേടുപാടുകളില്ല. ഒപ്പം ചരിഞ്ഞ നിലയിലുമാണ്. ഇത് മുറിച്ചുമാറ്റിയതിന് വ്യക്തമായ തെളിവാണെന്നാണ് ഗവേഷകർ പറയുന്നത്. കാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും അണുബാധ ഏൽക്കാതിരിക്കാൻ എന്താണ് ചെയ്തത് എന്നതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. കല്ലുകൊണ്ടുണ്ടാക്കിയ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരിക്കും മുറിച്ചുമാറ്റിയതെന്നാണ് ഇപ്പോഴത്തെ നിഗമനം. പാടുകളുൾപ്പെടെ ഉണ്ടാവാത്തത് ഇതിനാലാണ് എന്നും അവർ പറയുന്നു.

7,000 വർഷങ്ങൾക്ക് മുമ്പ് ഒരു ഫ്രഞ്ച് കർഷകനിലാണ് ആദ്യത്തെ അവയവം മുറിച്ചുമാറ്റൽ ശസ്ത്രക്രിയ നടത്തിയതെന്നാണയിരുന്നു ഇതുവരെയുള്ള നിഗമനം. കൈത്തണ്ടയുടെ ഒരു ഭാഗം മുറിച്ചുമാറ്റിയ നിലയിലാണ് കർഷകന്റെ അസ്ഥികൂടം ലഭിച്ചത്.