amala-paul

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അമല പോൾ. പതിനേഴാം വയസിൽ സിനിമയിലെത്തിയ താരം തന്റെ പതിമൂന്ന് വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തതിന് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി ധീരമായ തീരുമാനം എടുത്ത് സിനിമയോട് വിട പറഞ്ഞ് തനിക്കായി സമയം കണ്ടെത്തിയ താരം ഇതിനിടെ ലഭിച്ച വലിയൊരു ഓഫറിനോട് നോ പറഞ്ഞിരുന്നു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ ലഭിച്ച അവസരം നിരസിച്ചതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് താരം.

പൊന്നിയിൻ സെൽവനിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി സംവിധായകൻ മണിരത്‌നത്തിന്റെ ഓഡീഷനിൽ പങ്കെടുത്തതായി അമല പോൾ വെളിപ്പെടുത്തി. താൻ വളരെ ആവേശത്തിലായിരുന്നു. മണി സാറിന്റെ ഒരു വലിയ ആരാധികകൂടിയാണ് താൻ. എന്നാൽ ആ സമയത്ത് സിനിമ സംഭവിച്ചില്ല. വല്ലാത്ത നിരാശയും സങ്കടവും തോന്നി. പിന്നീട് 2021ൽ അതേ പ്രൊജക്റ്റിനായി അദ്ദേഹം വിളിച്ചു. എന്നാൽ സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താൻ. ഇക്കാരണത്താൻ തന്നെ അത് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. എന്നാൽ തനിക്കതിൽ ദുഃഖമില്ല. കാരണം ചില തീരുമാനങ്ങൾ മികച്ചതായിരിക്കും. നമ്മൾ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനമെന്ന് അമല പോൾ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2021ലാണ് താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. പിതാവിന്റെ വിയോഗവും മാനസിക സമ്മർദ്ദവുമെല്ലാം തളർത്തിയതായി താരം തുറന്നു പറഞ്ഞു. വിശ്രമം വേണ്ടത് അനിവാര്യമാണെന്ന് തോന്നി. ജീവിതത്തിൽ സന്തോഷവതിയല്ലെന്ന് മനസിലാക്കി. കൊവിഡ് ലോക്ക്‌ഡൗണും മറ്റും കൂടുതൽ സമ്മർദ്ദത്തിലാക്കി. ഇക്കാരണങ്ങൾ കൊണ്ടാണ് വലിയ ഓഫറുകളോട് പോലും നോ പറഞ്ഞ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് അമല പറഞ്ഞു. മലയാളം സിനിമ 'ടീച്ചറിലൂടെ' തിരിച്ചെത്തിയ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. വലിയൊരു നിർമാണ കമ്പനിയുടെ സിനിമയിൽ പ്രമുഖനായ നടനോടൊപ്പം അരങ്ങേറ്റം കുറിക്കുകയാണെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്.