ലിനിയുടെ ആഗ്രഹംപോലെ വിവാഹം നടന്നു. അതിനുമുമ്പ് തന്നെ കുഞ്ഞുവിനേയും സിദ്ധുവിനേയും ഖത്തറും ബഹറിനും കാണിച്ചു""-
സജീഷ് പറയുന്നു

സിസ്റ്റർ ലിനിയെന്ന മാലാഖ യാത്രയായിട്ട് നാലുവർഷമാകുന്നു. നിപയോട് മല്ലിടുമ്പോഴും തന്നിൽ നിന്ന് ഈ മാരകരോഗം ആർക്കും പകരരുതെന്ന് കരുതി പാൽമണം മാറാത്ത കുഞ്ഞിനെപ്പോലും കാണാതെ മരണം പതിയിരുന്ന മുറിയിൽ ഏകാന്തവാസത്തിലിരുന്ന അപൂർവമാതൃക. പിന്നാലെ കടന്നുവന്ന കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മലയാളിക്ക് ആദ്യ ക്വാറന്റീൻ പഠിപ്പിച്ചതും ഈ മാലാഖ. അവൾ വിടവാങ്ങുംനേരം ഭർത്താവ് സജേഷിന് വിറയ്ക്കുന്ന വിരലുകളാൽ കുറിച്ചുകൊടുത്ത തുണ്ടുകടലാസ് വായിക്കുമ്പോൾ ഇപ്പോഴും കണ്ണു നനയാത്തവരില്ല. ആ തുണ്ടുകടലാസിലെ മൂന്ന് ആഗ്രഹങ്ങൾ. പെട്ടെന്നൊരു ദിവസം ഭാര്യ മരിച്ചുവീണപ്പോൾ പറക്കമുറ്റാത്ത മൂന്നുമക്കളുടെ ഭാവി ജീവിതത്തെക്കുറിച്ച് അയാൾ വ്യാകുലപ്പെട്ടു. മക്കളെക്കുറിച്ചുള്ള ലിനിയുടെ വലിയ വലിയ സ്വപ്നങ്ങൾ ഓർമയിലേക്കിങ്ങനെ തികട്ടി വരുന്നു...
ഒട്ടും നിനയ്ക്കാതെ തന്നെയും മക്കളേയും തനിച്ചാക്കി ലിനി പോയപ്പോൾ അവസാനം അവളെഴുതിത്തന്ന തുണ്ടുകടലാസിൽ മുഖം താഴ്ത്തി കരയുകയായിരുന്നു അയാൾ. പിന്നീടെത്ര തവണ ആ കുറിപ്പ് വായിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ അതിപ്പോൾ ഇനി വായിക്കേണ്ടതില്ല, എന്റെ ഹൃദയത്തിൽ കൊത്തിവെച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
മൂന്നേ മൂന്ന് ആഗ്രഹങ്ങൾ... ' മക്കളെ നന്നായിനോക്കണം, നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്, കുഞ്ഞൂനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണം..."
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് മുള്ളങ്കുന്നിൽ വാടകവീട്ടിലാണിപ്പോൾ സജീഷും മക്കളും. ലിനിയുടെ ആഗ്രഹംപോലെ സജീഷ് തനിച്ചായില്ല. ഇത്തവണത്തെ ഓണത്തിന് ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭയെത്തി. മുള്ളങ്കുന്നിലെ വീട്ടിലിരുന്ന് സജീഷ് ലിനിയുടെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പഴയ ഓർമകളുടെ കണ്ണീർ നനവ്.
' മക്കളെക്കുറിച്ച് അവൾക്ക് വലിയ ആധിയായിരുന്നു. നാട്ടിൽ പലജോലികളും ചെയ്തിട്ടും ഒന്നും കരപിടിക്കാതായപ്പോഴാണ് കടലിനക്കരയ്ക്ക് ഞാൻ ചേക്കേറിയത്. അപ്പോഴെല്ലാം അവൾപറയും ഞങ്ങളും അങ്ങോട്ട് വരികയാണെന്ന്. മകൻ കുഞ്ഞൂന് (റിതുൽ) ഗൾഫ് കാണുക വലിയ ആഗ്രഹമായിരുന്നു. പൈലറ്റാവുകയാണ് കുഞ്ഞുന്നാളിലെ അവന്റെ ആഗ്രഹം. എവിടുന്നാണ് അത്തരമൊരാഗ്രഹം കൂടെക്കൂടിയതെന്ന് അറിയില്ല. അവൾ ആ ആഗ്രഹത്തിന് കനം പകർന്നു. അവനേയും കൊണ്ട് കുടുംബമായി ഒന്നു പറക്കണമെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. അവളുടെ മരണത്തിന് തൊട്ടുമുമ്പുള്ള മാസമാകുമ്പോഴേക്കും മൂന്നുപേർക്കും വിസയ്ക്കുള്ള ഏർപ്പാടൊക്കെ ചെയ്തിരുന്നു.പേരാമ്പ്ര ആശുപത്രിയിൽ നിന്നും ലീവെടുത്ത് ബഹറിനിലേക്ക് വരാനുള്ള ഒരുക്കങ്ങൾ അവളും തുടങ്ങി. അതിനിടയിലാണ് ആ കടവാതിലിന്റെ (വവ്വാൽ) ചിറകടിക്കൊപ്പം ഞങ്ങളെ തനിച്ചാക്കിയുള്ള ലിനിയുടെ മടക്കം..."
സജേഷിന്റെ വാക്കുകളിൽ ഇപ്പോഴും ആ നടുക്കം മാറിയിട്ടില്ല. ' ലിനി ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ട് അവളെയൊരു നോക്കു കാണാനാണ് നാട്ടിലേക്ക് പറന്നെത്തിയത്. മെഡിക്കൽകോളജ് വരാന്തയിൽ ദിവസങ്ങൾ തള്ളി നീക്കി. കാണേണ്ടെന്ന വാശിയിലായിരുന്നു അവൾ. മക്കളും ഞാനും ബാക്കിയുണ്ടാവണം. ഞങ്ങളിൽ നിന്ന് രോഗം ബാധിച്ച് മറ്റൊരു ജീവനും പൊലിയരുത്...."
2018 മേയ് 21നാണ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ നിന്ന് ലിനിലോകത്തോട് വിടവാങ്ങുന്നത്. മൃതദേഹത്തിൽ അന്ത്യചുംബനം നൽകാൻപോലും കഴിയാതിരുന്നത് സജീഷിന് ഇപ്പോഴും വിങ്ങുന്ന ഓർമകളാണ്.
' ലിനി വിടപറഞ്ഞ് മൂന്നുവർഷം കഴിയുമ്പോഴാണ് പ്രതിഭയെ കണ്ടെത്തിയത്. കോഴിക്കോട് ടാഗോർ സെന്റിനറിഹാളിൽ ലിനിയുടെ ഒരു അനുസ്മരണ പരിപാടിയിൽ നിന്ന്. പ്രതിഭ അപ്പോൾ നേരത്തേയുള്ള വിവാഹ ബന്ധംവേർപെടുത്തിയശേഷം എം.എഡിന് കോഴിക്കോട് പഠിക്കുകയായിരുന്നു. നാട്ടിലെ സുഹൃത്തുക്കളും വീട്ടുകാരുമെല്ലാം ആലോചിച്ച് ലിനിക്ക് ഏറ്റവും പ്രിയപ്പെട്ട ലോകനാർകാവിൽ വച്ച് താലികെട്ടി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം. ഇപ്പോൾ വാടകവീട്ടിൽ പ്രതിഭയുടെ മകൾ ദേവപ്രിയയും എന്റെ രണ്ടുമക്കളും പിന്നെ അച്ഛനും ഉണ്ട്. അമ്മ മരിച്ചശേഷം അച്ഛൻ വേറെ വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ടായിരുന്നു നമ്മുടെ അച്ഛനെപ്പോലാകരുതെന്ന് ലിനി ആ കുറിപ്പിൽ പറഞ്ഞത്.
അവളുടെ ആഗ്രഹംപോലെ വിവാഹം നടന്നു. അതിനുമുമ്പ് തന്നെ കുഞ്ഞുവിനേയും സിദ്ധുവിനേയും ഖത്തറും ബഹറിനും കാണിച്ചു. അമ്മ കൂടെയില്ലാത്തിന്റെ സങ്കടക്കടലിലായിരുന്നു മക്കളെങ്കിലും അവളുടെ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റുകയായിരുന്നു. ഇനി അവളാഗ്രഹിച്ചതുപോലെ കുഞ്ഞുവിന്റെ ഭാവിയാണ്. അവന് പൈലറ്റാവാനാണ് ആശയെങ്കിൽ അങ്ങേയറ്റം പ്രയത്നിക്കും. ഇപ്പോളവൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്. സിദ്ധാർഥ് ഒന്നാം ക്ലാസിലും. സിദ്ധു അവന്റെ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രതിഭയുമായി മെല്ലെ ഇണങ്ങിവരുന്നു.
നിപ ബാധിച്ചുമരിക്കുമ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു ലിനി. ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ പരിചരിക്കുന്നതിനിടെ രോഗ ബാധയേറ്റ ലിനി കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലിനിയുടെ മരണത്തെ തുടർന്ന് സജീഷിന് സർക്കാർജോലി നൽകിയിരുന്നു. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ പി.എച്ച്.സിയിൽ ക്ലർക്കായിട്ടായിരുന്നു നിയമനം.
ലിനി എഴുതിയ അവസാന കുറിപ്പ്
സജീഷേട്ടാ, ഐ ആം ഓൾമോസ്റ്റ് ഓൺ ദവേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.സോറി.
നമ്മുടെ മക്കളെ നന്നായിനോക്കണേ...
പാവം കുഞ്ഞു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം...
നമ്മുടെ അച്ഛനെപോലെ തനിച്ചാവരുത്, പ്ലീസ്
വിത്ത് ലോട്ട്സ് ഒഫ് ലൗ. ഉമ്മ.
(ലേഖകന്റെ ഫോൺ:8281729989)