invitation

ഭോപ്പാൽ: നീണ്ടകാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ വിവാഹമോചനം നേടിയ പുരുഷൻമാർക്കായി വമ്പൻ പരിപാടി സംഘടിപ്പിച്ച് എൻ ജി ഒ. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭായ് എന്ന സംഘടന വിവാഹമോചനം നേടിയ പതിനെട്ട് പുരുഷമാർക്കായാണ് പരിപാടി ഒരുക്കുന്നത്. സെപ്തംബർ 18ന് നടക്കുന്ന പരിപാടിയിലേക്കായുള്ള ക്ഷണപത്രം ഇതിനോടകംതന്നെ ഏറെ പ്രചാരം നേടിയിരുന്നു.

വിവാഹമോചനത്തിന് ശേഷം ജീവിതം അവസാനിക്കുന്നില്ലെന്ന് മനസിലാക്കാനും മികച്ച രീതിയിൽ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും പുരുഷൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘടനയുടെ ഭാരവാഹികൾ പറയുന്നു.

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന പുരുഷൻമാരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഭായ് വെൽഫയർ സൊസൈറ്റി. സാമ്പത്തികപരമായും സാമൂഹികപരമായും മാനസികപരമായും പോരാടിയശേഷം ലഭിക്കുന്ന സ്വാതന്ത്ര്യം ആഘോഷിക്കാനുള്ളതാണെന്ന് സംഘടന പറയുന്നു.

രണ്ടരവർഷത്തിനിടെ പതിനെട്ട് പുരുഷൻമാർക്കാണ് വിവാഹമോചനം ലഭിച്ചത്. ഇത്തരം പുരുഷൻമാരെ മാനസികമായി ശക്തിപ്പെടുത്താനാണ് സംഘടന ശ്രമിക്കുന്നത്. പലപ്പോഴും പുരുഷൻമാർക്ക് വലിയതുക ഒത്തുതീർപ്പിനായി നൽകേണ്ടിവരുന്നു. ഇത്തരം കാര്യങ്ങൾ അവരെ മാനസിക സമ്മർദ്ദത്തിലാക്കുന്നു. അതിനാൽ തന്നെ ജീവിതം മുന്നോട്ടുനയിക്കാൻ ഇത്തരം പരിപാടികൾ നടത്തേണ്ടത് അനിവാര്യമാണെന്ന് സംഘാടക സമിതി അംഗം സാകി അഹമ്മദ് പറയുന്നു.

ഒരു ദിവസം മാത്രം ദാമ്പത്യജീവിതം ആസ്വദിച്ചവരും മുപ്പത് വ‌ർഷം കുടുംബജീവിതം നയിച്ചവരും വിവാഹമോചനം നേടിയവരുടെ കൂട്ടത്തിലുണ്ട്. ഒരു ദിവസം മാത്രം വിവാഹജീവിതം ഉണ്ടായിരുന്നയാൾക്ക് വിവാഹമോചനം ലഭിക്കാൻ ഒരു വർഷമാണ് വേണ്ടിവന്നത്. അതിനാലാണ് ഇവരുടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തീരുമാനിച്ചത്. ഇവരുടെ മുൻ ഭാര്യമാരുടെ പേരുകൾ ഒരിക്കലും വെളിപ്പെടുത്തുകയില്ല. ചെറിയ രീതിയിലെ പരിപാടി നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ക്ഷണപത്രം വൈറലായതോടെ ഏറെപ്പേരുടെ പിന്തുണ ലഭിച്ചുവെന്നും അതിനാലാണ് പരിപാടി ഗംഭീരമാക്കാൻ തീരുമാനിച്ചതെന്നും സാകി അഹമ്മദ് കൂട്ടിച്ചേർത്തു.