ഇക്കഴിഞ്ഞ ജൂലൈയിലാണ് ഒരു തെരുവ് നായ പോലും ഇല്ലാത്ത രാജ്യമെന്ന നേട്ടം നെതർലൻഡ്സ് കൈവരിച്ചത്.

തെരുവ് നായയുടെ ശല്യത്തിൽ കേരളം പൊറുതി മുട്ടുമ്പോൾ അങ്ങകലെ നെതർലൻഡ്സിൽ ഈ പ്രശ്നം പരിഹരിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ആ നാട്ടിലെ ജനതയും ഭരണകൂടവും.
നെതർലൻഡ്സ് ഒരു മാതൃക ആയതെങ്ങെനെയെന്ന് നോക്കാം. ഇന്ന് ഒരു തെരുവ് നായ പോലും ഇല്ലാത്ത രാജ്യമാണ് നെതർലൻഡ്സ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഒരു തെരുവ് നായ പോലും ഇല്ലാത്ത രാജ്യമെന്ന നേട്ടം നെതർലൻഡ്സ് കൈവരിച്ചത്.
നമ്മളെപ്പോലെയോ അതിലുമധികമോ പരിഗണന നൽകി മൃഗങ്ങളെ ഓമനിച്ച് വളർത്തുന്ന രാജ്യമാണ് നെതർലൻഡ്സ്. നഗരങ്ങളിൽ ഓമന മൃഗങ്ങളെ ബാസ്കറ്റുകളിലും സ്ട്രോളറുകളിലുമായി നടക്കുന്നവരുടെ കാഴ്ച സർവ സാധാരണമാണ്. ഹോട്ടലുകളിലും ഇവയെ കയറ്റാം. പൊതുഗതാഗത സംവിധാനവും ഉപയോഗിക്കാം. എന്നാൽ നേരത്തെ ഇങ്ങനെ ആയിരുന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നെതർലൻഡ്സിൽ (ഹോളണ്ട്) നായ്ക്കളുടെ എണ്ണം കൂടുതലായിരുന്നു. ഒരു സ്റ്റാറ്റസ് സിംബൽ പോലെ വീക്ഷിച്ചതിനാൽ മിക്കവാറും എല്ലാ വീടുകളിലും ഒരു നായ ഉണ്ടായിരുന്നു. അങ്ങനെയിരുന്നപ്പോഴാണ്,പേ വിഷബാധ പടർന്നു പിടിക്കുകയും പലരും മരിക്കാൻ ഇടയാവുകയും ചെയ്തത്. ഇങ്ങനെ വന്നപ്പോൾ ഹോളണ്ടിലെ ജനങ്ങൾ അവരുടെ നായ്ക്കളെ ഉപേക്ഷിക്കാൻ തുടങ്ങി. താമസിയാതെ തെരുവുകളിൽ നായ്ക്കളെ കൊണ്ട് നിറഞ്ഞു.
ഈ പ്രതിസന്ധി നേരിടാൻ ഹോളണ്ടിലെ സർക്കാർ ദേശീയ വ്യാപകമായി തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു. വാക്സിൻ നൽകി. തുടർന്ന് ഡോഗ് ഷെൽട്ടറുകൾ ഉണ്ടാക്കുകയും അവിടെ പാർപ്പിക്കുകയും ചെയ്തു. തുടർന്നാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ഈ അനാഥനായ്ക്കളെ ഏറ്റെടുക്കാൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഏറ്റെടുക്കുന്നവർക്ക് നികുതിയിളവ് നൽകാൻ ഡച്ച് നഗരസഭകളും തയാറായി. അലഞ്ഞു തിരിയുന്ന നായ്ക്കളെയും മറ്റും കണ്ടെത്താനും അവയെ ഏറ്റെടുക്കാനും സംരക്ഷിക്കാനും അനിമൽ പൊലീസ് ഫോഴ്സിനും സർക്കാർ രൂപം നൽകി. നിലവിൽ ഡച്ച് ജനസംഖ്യയുടെ അഞ്ചിൽ ഒരാൾ നായ്ക്കളെ ദത്തെടുത്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020ലെ കണക്കുപ്രകാരം 1.75 കോടിയാണ് ഹോളണ്ടിലെ ജനസംഖ്യ.
കേരളത്തിലിന്ന് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് തെരുവു നായ ശല്യം. ഒരർത്ഥത്തിൽ തെരുവു നായ ശല്യത്താൽ കേരളം പൊറുതി മുട്ടിയെന്നു തന്നെ പറയാം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെയും ചികിത്സ തേടുന്നവരുടെയും എണ്ണം ദിനംപ്രതി കേരളത്തിൽ വർദ്ധിച്ചു വരികയാണ്. അതുപോലെയാണ് കടിയേറ്റ് വാക്സിൻ എടുത്തിട്ടും മരിക്കുന്നവരുടെഎണ്ണവും.പഞ്ചായത്തുതോറും നായകൾക്കായി ഷെൽട്ടറുകൾ ആരംഭിക്കാൻ ഇപ്പോൾ കേരളം തീരുമാനിച്ചിട്ടുണ്ടെന്നത് നല്ല കാര്യമാണ്.
ലോകമെമ്പാടും 20 കോടിയിലധികം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് ലോക ആരോഗ്യ സംഘടനകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലാണ് ഇത് കൂടുതലും. അതിൽ ഇന്ത്യയിൽ മാത്രം ലക്ഷക്കണക്കിന് തെരുവുനായ്ക്കൾ ഉണ്ട്. എങ്ങനെയാണ് ഇവയെ നിയന്ത്രിക്കാൻ കഴിയുക എന്നത് എല്ലാ രാജ്യങ്ങളിലും ഉയരുന്ന വെല്ലുവിളിയാണ്. ഇന്ന് കേരളത്തിൽ ദിനംപ്രതി കൂടി വരുന്ന നായയുടെ ശല്യം കുറയ്ക്കാൻ നെതർലാൻഡ്സ് സർക്കാർ സ്വീകരിച്ച നടപടികൾ മാതൃകയാക്കാവുന്നതാണ്. പക്ഷേ നെതർലാൻഡ്സ് സർക്കാർ ചെയ്തപോലെ ഫലപ്രദമായി ഈ പദ്ധതി നടപ്പിലാക്കണമെന്നുമാത്രം.