അടുത്തിടെ മലയാളത്തിൽ തരംഗം തീർത്ത ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ന്നാ താൻ കേസ് കൊട്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം തിയേറ്ററികളിലെത്തിയത്. വമ്പൻ ഹിറ്റായ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായിക ഗായത്രി ശങ്കറാണ് താരപകിട്ടിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ എത്തിയിരിക്കുന്നത്.

gayathri-sankar

സിനിമയിൽ എത്തിയതും സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും താരം പങ്കുവച്ചു. മലയാള സിനിമാ ഇൻഡസ്ട്രിയുടെ പ്രത്യേകതകളും ന്നാ താൻ കേസ് കൊ‌ട് ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നതിനിടെ താരം ഒട്ടേറെ ചിത്രങ്ങളിൽ സഹതാരമായ തമിഴ് നടൻ വിജയ് സേതുപതിയുമായി ബന്ധപ്പെട്ട് രസമുള്ള ഒരനുഭവവും പങ്കുവച്ചു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമത്തിലെത്തിയതായിരുന്നു വിജയ് സേതുപതിയും ഗായത്രിയും. അതിനിടെ ചിത്രീകരണത്തെക്കുറിച്ചറിഞ്ഞ് ആൾക്കൂട്ടം കൂടാൻ തുടങ്ങി. പിന്നാലെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാർ ദൃശ്യങ്ങൾ പക‌ർത്താനും പങ്കുവയ്ക്കാനും ആരംഭിച്ചു.

ഇതുകണ്ട വിജയ് സേതുപതി അങ്ങനെ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും എല്ലാവരോടുമൊപ്പം ഫോട്ടോ എടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പിന്നെ കണ്ടത് വിജയ് സേതുപതിയുടെ ക്യാരവാന് മുന്നിൽ നീണ്ട ക്യൂവായിരുന്നു. അതിനിടെ ഒരു ആരാധകനെ ഉമ്മവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ബാക്കിയെല്ലാവർക്കും അതുപോലെ വേണമെന്നായി. ഇതുകണ്ട നിങ്ങൾ നടിമാരെക്കാൾ ആണുങ്ങളെയാണല്ലോ സഹായിക്കുന്നതെന്ന് കളിയാക്കിയെന്നും ഗായത്രി പങ്കുവച്ചു.