strike

കോഴിക്കോട്: ശമ്പള പരിഷ്‌കരണത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിന്. ഇതിന്റെ മുന്നോടിയായി ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധർണ നടത്തും.

11ാം ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളം കുറച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ദീർഘ നാൾ നീണ്ട നിസഹകരണ പ്രതിഷേധവും നിൽപ്പ് സമരവും സെക്രട്ടേറിയറ്റ് ധർണയും വാഹന പ്രചാരണ ജാഥയുമുൾപ്പടെ നടത്തി. തുടർന്ന് ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി.

സർക്കാർ നൽകിയ ഉറപ്പിന്റെയും കൊവിഡ് മൂന്നാം തരംഗത്തിന്റെയും പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടികൾ മാറ്റിവച്ചിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് സമരം. ഉച്ചയ്‌ക്ക് 2.30 മുതൽ 4 മണി വരെയാണ് ധർണ. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ഒക്ടോബർ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സമയബന്ധിത ഹയർ ഗ്രേഡ്, 3:1 അനുപാതത്തിൽ സ്ഥാനക്കയറ്റം, എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് അടിസ്ഥാന ശമ്പളത്തിൽ കുറവ് വരുത്തിയ 8500 രൂപ പുനഃസ്ഥാപിക്കൽ, 2019 നുശേഷം പ്രമോഷനാകുന്നവർക്ക് പേഴ്സണൽ പേ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിക്കുകയാണെന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പായിരുന്നു സർക്കാർ നേരത്തെ നൽകിയത്