bhujia

രാജസ്ഥാൻ നഗരമായ ബിക്കാനിറിന് സ്വന്തമായി ഒരു ഭക്ഷണ വിഭവമുണ്ട്. ബിക്കാനിറിലെ പകുതി ജനങ്ങൾ ഉണ്ടാക്കുന്നത് ബാക്കിയുള്ള പകുതി പേർക്ക് കഴിക്കാനാണ് എന്ന് വിശേഷണം സ്വന്തമായ ഭുജിയ. കാഴ്‌ചയിൽ ന്യൂഡിൽസ് പോലെ ഇരിക്കുമെങ്കിലും കറുമുറ പലഹാരമാണ് ഭുജിയ. ബിക്കാനിറിലെ ചെറിയ ചായക്കടകളിൽ തുടങ്ങി ഫൈവ് സ്‌റ്റാർ ഹോട്ടലുകളിൽ പോലും ഭുജിയ ഇല്ലാതെ മെനു പൂർണമാകില്ല.

രാജസ്ഥാനുകാർക്ക് പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനുമെല്ലാം ഭുജിയയെ മറന്നുള്ള ശീലവുമില്ല. അതിനുമാത്രം എന്താണ് ഈ സ്നാക്‌സിന് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ, അതീവ രുചികരമായതുകൊണ്ടുതന്നെ എന്നതാണ് കാരണം. മോത്ത് എന്നറിയപ്പെടുന്ന പ്രാദേശികമായി ലഭിക്കുന്ന ഒരു പയറു വർഗത്തിൽ നിന്നാണ് ഭുജിയ തയ്യാറാക്കുന്നത്. ബിക്കാനിറിലെ പാരമ്പര്യമായി മസാലക്കൂട്ടുകളും പ്രത്യേക ചേരുവകളാകുമ്പോൾ നാവിൽ രുചിയുടെ കപ്പലോടും.

ബിക്കാനിർ നഗരത്തിൽ ഒരു ദിവസം തയ്യാറാക്കപ്പെടുന്ന ഭുജിയയുടെ അളവ് 250 ടണ്ണോളം വരുമെന്ന് അറിയുമ്പോൾ തന്നെ ഈ സവിശേഷ പലഹാരത്തിന്റെ സ്വീകാര്യത എന്തെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. 2010ൽ ബിക്കാനിർ ഭുജിയക്ക് ഭൗമസൂചിക പദവിയും ലഭിച്ചു.

ഭുജിയയുടെ ജനപ്രീതി അറിഞ്ഞുകൊണ്ട് കെല്ലോഗ്‌സ്, പെപ്‌സി കോർപ്പറേഷൻ തുടങ്ങിയ ഭക്ഷണ ഭീമന്മാർ കച്ചവട താൽപര്യവുമായി മുന്നോട്ടു വന്നെങ്കിലും വിജയിക്കാൻ സാധിച്ചില്ല.