docter

ബംഗളൂരു: നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയ മുടങ്ങാതിരിക്കാൻ ബംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കാർ ഉപേക്ഷിച്ച് ഡോക്ടർ ആശുപത്രിയിലേക്ക് ഓടിയത് മൂന്നു കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി ശസ്ത്രക്രിയ വിദഗ്‌ദ്ധനായ ഡോ. ഗോവിന്ദ് നന്ദകുമാർ 45 മിനിട്ടിലാണ് മൂന്നു കിലോ മീറ്റർ ഓടിയത്. ആഗസ്റ്റ് 30ന് രാവിലെ 10ന് നടന്ന 'ഡോക്ടറോട്ടം" സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

സെൻട്രൽ ബംഗളൂരുവിൽ താമസിക്കുന്ന താൻ പതിവായി ഗതാഗതക്കുരുക്കിൽ പെടാറുണ്ടെന്ന് ഡോ. ഗോവിന്ദ് പറയുന്നു. എന്നാൽ സംഭവദിവസം ഒരാൾക്ക് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. വീട്ടിൽ നിന്ന് കൃത്യസമയത്തിറങ്ങിയെങ്കിലും മാറാത്തല്ലി, സർജാപൂരിലെത്തിയപ്പോൾ കാർ ഗതാഗതക്കുരുക്കിലായി. ആശുപത്രിയിൽ വിളിച്ചപ്പോൾ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നറിയിച്ചു. തുടർന്നാണ് കാർ ഡ്രൈവറെയേൽപ്പിച്ച് ഓടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 ശസ്ത്രക്രിയ വിജയം

ഡോ. ഗോവിന്ദ് ആശുപത്രിയിലെത്തിയതിനാൽ ശസ്ത്രക്രിയ കൃത്യസമയത്ത് വിജയകരമായി പൂർത്തിയാക്കി. മുമ്പ് ഗതാഗതക്കുരുക്കിലായപ്പോൾ പലതവണ താൻ നടന്ന് ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് ഡോ. ഗോവിന്ദ് പറഞ്ഞു. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ബംഗളൂരുവിലെ പതിവ് കാഴ്ചയാണെങ്കിലും ആഴ്ചകളായുള്ള കനത്ത മഴയും വെള്ളക്കെട്ടുമാണ് നഗത്തിൽ കുരുക്ക് രൂക്ഷമാക്കിയത്.