
സ്പാനിഷ് താരം കാർലോസ് അൽക്കാരസിന് യു.എസ് ഓപ്പൺ കിരീടവും ലോക ഒന്നാം റാങ്കും
ന്യൂയോർക്ക്: ടെന്നിസ് ചരിത്രത്തിൽ സുവർണമുദ്ര പതിപ്പിച്ച് കന്നി ഗ്രാൻസ്ളാം കിരീടത്തിനൊപ്പം എ.ടി.പി റാങ്കിംഗിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കി 19കാരനായ സ്പാനിഷ് താരം കാർലോസ് അൽക്കാരസ്. കഴിഞ്ഞരാത്രി യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ അഞ്ചാം സീഡ് നോർവേ താരം കാസ്പർ റൂഡിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് കാർലോസ് കളിച്ച ആദ്യ ഗ്രാൻസ്ളാം ഫൈനലിൽതന്നെ കിരീടം നേടിയത്. സ്‌കോർ: 6-4, 2-6, 7-6 (7-1), 6-3.
23കാരനായ കാസ്പറും 19കാരനായ കാർലോസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഫൈനലിൽ കണ്ടത്. ആദ്യ സെറ്റിൽ കാർലോസ് മുന്നേറിയപ്പോൾ രണ്ടാം സെറ്റിൽ കാസ്പറിന്റെ തിരിച്ചുവരവിനാണ് ആർതർ ആഷെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പൊരിഞ്ഞ പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് കാർലോസ് വിജയം കണ്ടത്. ആ ആവേശം നിലനിറുത്തി മുന്നേറിയ സ്പാനിഷ് താരം നാലാം സെറ്റിലും വിജയം നേടി കന്നിക്കിരീടത്തിൽ മുത്തമിട്ടു.
സെമിയിൽ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെ കീഴടക്കിയാണ് കാർലോസ് ഫൈനലിലെത്തിയത്. സെമിയിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം നേടിയത്. സ്‌കോർ: 6-7, 6-3, 6-1, 5-7, 6-3. അട്ടിമറികളുമായി മുന്നേറിയ റഷ്യയുടെ കാരൻ ഖചാനോവിനെ മറികടന്നാണ് കാസ്പർ റൂഡ് ഫൈനൽ ടിക്കറ്റെടുത്തത്. റൂഡിന്റെ ഈ വർഷത്തെ രണ്ടാം ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇത്. ഫ്രഞ്ച് ഓപ്പണിലും കാസ്പർ ഫൈനലിലെത്തിയിരുന്നു. അവിടെ മറ്റൊരു സ്പാനിഷ് താരം റാഫേൽ നദാലിനോട് തോൽവി വഴങ്ങുകയായിരുന്നു.
1970ൽ ആരംഭിച്ച എ.ടി.പി റാങ്കിംഗ് ചരിത്രത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കാർലോസ് അൽക്കാരസ്.
1990ൽ പീറ്റ് സാംപ്രസിന് ശേഷം യു.എസ് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം.
2005 ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട നദാലിന് ശേഷം ഗ്രാൻസ്ളാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം.
തന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലിൽ തന്നെ കിരീടം നേടാൻ കാർലോസിനായി.
നദാലിനെയും നൊവാക്കിനെയും തോൽപ്പിച്ചിട്ടുള്ള താരമാണ് കാർലോസ്.
കാസ്പർ റൂഡിന്റെ ആദ്യ യുഎസ് ഓപ്പൺ ഫൈനലും രണ്ടാം ഗ്രാൻസ്ളാം ഫൈനലുമായിരുന്നു ഇത്.
ക്രേസിക്കോവ-സിനിയാക്കോവ
സഖ്യത്തിന് ഡബിൾസ് കിരീടം
യു.എസ് ഓപ്പൺ വനിതാ ഡബിൾസ് കിരീടം ചെക്ക് റിപ്പബ്ളിക്കിന്റെ ബാർബോറ ക്രേസിക്കോവ - കാതറീന സിനിയാക്കോവ സഖ്യം സ്വന്തമാക്കി. ഫൈനലിൽ അമേരിക്കയുടെ കാത്തി മക്നെല്ലി-ടെയ്‌ലർ ടൗൺസെൻഡ് സഖ്യത്തെ കീഴടക്കിയാണ് ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ ചെക് സഖ്യം കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാർബോറയും കാതറിനയും വിജയം കണ്ടത്. സ്കോർ :3-6,7-5,6-1. ഇതോടെ ചെക് സഖ്യം കരിയർ സ്ളാം തികയ്ക്കുകയും ചെയ്തു.