
ലണ്ടൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റിൽ ഒൻപത് വിക്കറ്റിന് വിജയിച്ച ഇംഗ്ളണ്ട് മൂന്ന് മത്സര പരമ്പര 2-0ത്തിന് സ്വന്തമാക്കി . മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക 118, 169. ഇംഗ്ലണ്ട് 158, ഒന്നിന് 130.
ആദ്യടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി നേരിട്ട ഇംഗ്ലണ്ട് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും മിന്നുന്ന വിജയം നേടുകയായിരുന്നു. മൂന്നാം മത്സരത്തിലെ മികച്ച താരമായി ഇംഗ്ലണ്ടിന്റെ ഒലി റോബിൻസണിനെയും പരമ്പരയുടെ താരമായി ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയെയും തിരഞ്ഞെടുത്തു.
ഓവലിൽ നടന്ന മൂന്നാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ വെറും 118 റൺസിന് ആൾഔട്ടായി. അഞ്ചുവിക്കറ്റെടുത്ത റോബിൻസണാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 30 റൺസെടുത്ത ബൗളർ മാർക്കോ യാൻസണായിുന്നു സന്ദർശകരുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 158 റൺസിന് ആൾഔട്ടായി. ബാറ്റിംഗിൽ തിളങ്ങിയ യാൻസൺ അഞ്ചുവിക്കറ്റെടുത്ത് ബൗളിംഗിലും കൊടുങ്കാറ്റായി. 67 റൺസ് നേടിയ ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.
ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 40 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. ഇത് മറികടക്കാനായി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വെറും 169 റൺസിന് ആൾഔട്ടായി. 36 റൺസെടുത്ത ഡീൻ എൽഗർ മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബെൻ സ്റ്റോക്‌സും സ്റ്റുവർട്ട് ബ്രോഡും ദക്ഷിണാഫ്രിക്കയെ തകർത്തു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 130 റൺസായി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ക്ഷമയോടെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 69 റൺസെടുത്ത സാക് ക്രോളിയുടെയും 39 റൺസ് നേടിയ അലക്‌സ് ലീസിന്റെയും പ്രകടനമികവിൽ വിജയം നേടി.
പുതിയ നായകൻ ബെൻ സ്റ്റോക്‌സിന്റെയും പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെയും കീഴിൽ ഇംഗ്ലണ്ട് കഴിഞ്ഞ ഏഴ് ടെസ്റ്റുകളിൽ നേടുന്ന ആറാം വിജയമാണിത്. കഴിഞ്ഞ വർഷം ഡീൻ എൽഗാർ നായകനായ ശേഷം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയിൽ തോൽക്കുന്നത്.