
ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും മടങ്ങിയെത്തി,സഞ്ജു സാംസണിന് ഇടമില്ല
ന്യൂഡൽഹി: ഏഷ്യാകപ്പിലെ തോൽവിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് സർപ്രൈസ് ചേഞ്ചുകളുണ്ടാകുമെന്നും സഞ്ജു സാംസണെ തിരിച്ചുവിളിക്കുമെന്നും പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശപ്പെടുത്തി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയുമായും ആസ്ട്രേലിയുമായും നടക്കുന്ന ട്വന്റി-20 പരമ്പരകൾക്കുള്ള ടീമുകളെയും നേരിയ മാറ്റങ്ങളുമായി പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്ന് ടീമുകളിലും സഞ്ജു ഇടം പിടിച്ചില്ല.
അടുത്തമാസം ഓസ്ട്രേലിയയിൽ തുടങ്ങുന്ന ലോകകപ്പിനായി 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ ഇന്നലെ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുൽ ഉപനായകനാകും. പരിക്കിൽ നിന്ന് മോചിതരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയി, ദീപക് ചാഹർ എന്നിവരെ സ്റ്റാൻഡ് ബൈ ആയി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ ടീമിലില്ല. ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ കളിക്കും. വെറ്ററൻ താരം രവിചന്ദ്രൻ അശ്വിനും ടീമിലിടം നേടിയിട്ടുണ്ട്.
ബാറ്റിംഗ് നിരയിൽ രോഹിത്, രാഹുൽ, വിരാട് , സൂര്യകുമാർ, ദീപക് ഹൂഡ എന്നിവർ അണിനിരക്കും. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും ദിനേശ് കാർത്തിക്കും. ആൾറൗണ്ടർമാരായി അക്ഷർ പട്ടേലും ഹാർദിക്ക് പാണ്ഡ്യയും ഹർഷൽ പട്ടേലും ടീമിലുണ്ട്. അശ്വിൻ, യൂസ്‌വേന്ദ്ര ചഹൽ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാർ. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളർമാരുടെ നിരയിൽ ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിംഗ് എന്നിവരുമുണ്ട്.
ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ഓസ്ട്രേലിയയിൽ ലോകകപ്പ് നടക്കുന്നത്. സൂപ്പർ 12 റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം നേടിയ ഇന്ത്യ അവിടെ ബി ഗ്രൂപ്പിൽ പാകിസ്ഥാൻ, ബംഗ്ളാദേശ്, ദക്ഷിണാഫ്രിക്ക, ക്വാളിഫിക്കേഷൻ റൗണ്ട് കടന്നെത്തുന്ന രണ്ട് ടീമുകൾ എന്നിവക്കൊപ്പമാണ് കളിക്കുന്നത്.
ലോകകപ്പ് ടീം : രോഹിത് ശർമ (ക്യാപ്ടൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്ടൻ), വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.
സ്റ്റാന്‍ഡ്‌ബൈ : മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയ്, ദീപക് ചാഹർ
ആസ്ട്രേലിയയ്ക്ക് എതിരായ ടീം
രോഹിത് ശർമ (ക്യാപ്ടൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്ടൻ), വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഷമി,ഹർഷൽ പട്ടേൽ, ദീപക് ചഹർ.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീം
രോഹിത് ശർമ (ക്യാപ്ടൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്ടൻ), വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഷമി,ഹർഷൽ പട്ടേൽ, ദീപക് ചഹർ.