stray-dogs

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആക്രമണകാരികളുംപേ പിടിച്ചതുമായ നായകളെ കൊന്നൊടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഇതിനായി സുപ്രീംകോടതിയെ സമീപിക്കും, നായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമുള്ള സാഹചര്യത്തിലാണ് സർക്കാർ നീക്കം.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന് വാക്‌സിനേഷൻ യജ്ഞം നടത്തുമെന്നും എം.ബി. രാജേഷ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ യജ്ഞം ഈ മാസം 20ന് ആരംഭിക്കും. തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു.

തെരുവു നായ്ക്കൾക്കായി പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ തുറക്കും. നായകളെ പിടികൂടാൻ കൂടുതൽ പേർക്ക് പരിശീലനം നല്‍കും. കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധ സേനയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.