ന്യൂഡൽഹി: പുതിയ കയറ്റുമതി നിയമങ്ങൾ നിലവിൽ വന്നതിനെത്തുടർന്ന് ഇന്ത്യൻ തുറമുഖങ്ങളിൽ 10 ലക്ഷം ടൺ അരി കെട്ടിക്കിടക്കുന്നു. 20 ശതമാനം അധിക നികുതി അടക്കുന്നതിന് വ്യാപാരികൾ വിസമ്മതിച്ചതിനെത്തുടർന്നാണിത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പൊടിയരി കയറ്റുമതി നിരോധിക്കുകയും മറ്റ് ധാന്യങ്ങളുടെ കയറ്റുമതി നികുതി 20 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തത്.
പ്രാദേശിക ധാന്യ വിതരണം വർദ്ധിപ്പിക്കുവാനും വില പിടിച്ചുനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ നടപടി. അധിക നികുതി നിലവിൽ വന്നെങ്കിലും വ്യാപാരികൾ ഇതടയ്ക്കുന്നതിന് തയ്യാറാകുന്നില്ലെന്ന് ഓൾ ഇന്ത്യ റൈസ് എക്സപോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. വി കൃഷ്ണറാവു പറഞ്ഞു. തുറമുഖങ്ങളിൽ കപ്പലുകളിലെ ലോഡിംഗ് നിറുത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മാസവും 20 ലക്ഷം ടൺ അരിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തുന്നത്. കിഴക്കൻ മേഖലയിലെ കാക്കിനാട, വിശാഖ പട്ടണം തുമുഖങ്ങളിലൂടെയാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്.
നികുതി വർദ്ധന നടപ്പിലാക്കുന്ന ഇത്തരം സമയങ്ങളിൽ നേരത്തെ നടന്നുകഴിഞ്ഞ ഇടപാടുകളിൽ സർക്കാർ ഇളവു വരുത്താറുണ്ടെന്നും ഇത്തവണ ഇത് സംഭവിച്ചില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
നികുതി നടപ്പിലാക്കുന്നതിൽ ഇളവുകൾ വേണമെന്ന് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും വാണിജ്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ ഇറക്കുമതി നിയന്ത്രണങ്ങൾ ഏഷ്യയിലെ വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിയറ്റ്നാം, തായ്ലൻഡ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്ന് ധാന്യ ഇറക്കുമതി ഉറപ്പുവരുത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.