jeddah

റിയാദ്: ത്രിദിന സന്ദർശനത്തിനായി ശനിയാഴ്ച എത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി സംബന്ധിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിൽ ചർച്ച നടത്തി. ഞായറാഴ്ച നടന്ന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ജയശങ്കർ സൽമാന് കൈമാറി.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ജി 20 അടക്കമുള്ള സംഘടനകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാനും ധാരണയിലെത്തി. ഇരുവരുടെയും അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ണർഷിപ്പ് കൗൺസിലിൽ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ സാഹചര്യങ്ങളും ഇന്ത്യയും സൗദിയും തമ്മിലുള്ള ഉടമ്പടികളുടെ പുരോഗതിയും ചർച്ച ചെയ്തു. സൗദിയുടെ വിഷൻ 2030ന്റെ വിവിധ മേഖലകളിൽ ഇന്ത്യയ്ക്ക് സഹകരിക്കാനാകുമെന്ന് ജയശങ്കർ പറഞ്ഞു.