
അഹമ്മദാബാദ്: തന്നെ അത്താഴത്തിന് ക്ഷണിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിലേക്കുള്ള യാത്രക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഗുജറാത്ത് പൊലീസ് തടഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെത്തിയ കെജ്‌രിവാൾ ഇന്നലെ അഹമ്മദാബാദിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വിക്രം ദന്താനി എന്ന ഓട്ടോ ഡ്രൈവർ വീട്ടിലേക്ക് ക്ഷണിച്ചത്. തുടർന്ന് രാത്രി 7.30ന് ഹോട്ടലിൽ നിന്ന് മറ്രൊരു ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ വീടുള്ള ഘട്ട്‌ലോഡിയിലേക്ക് പോകുമ്പോഴാണ് പൊലീസ് തടഞ്ഞത്.
'ഞാൻ നിങ്ങളുടെ കടുത്ത ആരാധകനാണ്. പഞ്ചാബിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ താങ്കൾ അത്താഴത്തിനെത്തിയ വീഡിയോ കണ്ടു. എന്റെ വീട്ടിലേക്കും വരാമോ?'' എന്ന വിക്രത്തിന്റെ ചോദ്യത്തിന് തീർച്ചയായും വരും എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.
അത്താഴത്തിന് തന്റെ രണ്ട് പാർട്ടിക്കാർ കൂടി ഉണ്ടാകുമെന്നും പറഞ്ഞു.
നിങ്ങളുടെ വീട്ടിലേക്ക് എന്നെ ഓട്ടോയിൽ കൊണ്ടുപോകുമോ എന്ന കെജ്‌രിവാളിന്റെ ചോദ്യം കൈയടിച്ചാണ് സദസ് സ്വീകരിച്ചത്.
വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളാണ് എ.എ.പി നടത്തുന്നത്. അധികാരത്തിലെത്തിയാൽ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിലില്ലാത്തവർക്കും അലവൻസുകൾ, ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ, സൗജന്യ വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്‌തിട്ടുണ്ട്.