കൊച്ചി: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക് പ്രമുഖ സംയോജിത റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സ്‌ക്വയർ യാർഡ്‌സുമായി ചേർന്ന് വീടു വാങ്ങുന്നവർക്കായി 'ഓപ്പൺ ഡോർസ്' എന്ന പേരിൽ ഹോം ബയർ ഇക്കോസിസ്റ്റം അവതരിപ്പിച്ചു. സ്വപ്നം ഭവനം സ്വന്തമാക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും തടസമില്ലാതെ ചെയ്യാൻ സഹായിക്കുന്നതാണ് ഈ പ്ലാറ്റ്‌ഫോം.
രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ ഏകീകൃത പ്ലാറ്റ്‌ഫോമായ ഓപ്പൺ ഡോർസ് വീടു വാങ്ങുന്ന ഉപഭോക്താക്കളുടെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മികച്ച ബിൽഡർമാരെക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ലഭ്യമാക്കൽ, തടസങ്ങളില്ലാതെയുള്ള ഭവന വായ്പാ നടപടിക്രമങ്ങൾ, വാടക, പ്രോപ്പർട്ടി മാനേജ്‌മെന്റ്, ഹോം ഫർണിഷിംഗ്, നിയമ, സാങ്കേതിക സേവനങ്ങൾ എന്നിങ്ങനെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകും.
പാർപ്പിടവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ ആക്‌സിസ് ബാങ്കുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സ്‌ക്വയർ യാർഡ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ തനുജ് ഷോരി പറഞ്ഞു.
ഇന്ത്യയിലെമ്പാടുമുള്ള റീട്ടെയ്ൽ ബാങ്കിംഗ് ശൃംഖലയിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഭവനവായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും സ്‌ക്വയർ യാർഡ്സുമായുള്ള പങ്കാളിത്തം ഇതിന് സഹായകമാകുമെന്നും ആക്‌സിസ് ബാങ്ക് ഗ്രൂപ്പ് എക്‌സിക്യൂട്ടീവും റീട്ടെയിൽ ലെൻഡിംഗ് ആൻഡ് പെയ്‌മെന്റ് മേധാവിയുമായ സുമിത് ബാലി പറഞ്ഞു.