
പാർക്കിൻസൺസ് രോഗത്തിൽ തലച്ചോറിലെ ഡോപ്പാമിന്റെ അപര്യാപ്തത പരിഹരിക്കുന്നതാണ് രോഗ ചികിത്സയുടെ ആധാരം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതാണ്. മരുന്നുചികിത്സ മൂലം രോഗം ഗണ്യമായി കുറയുമെങ്കിലും ഏതാനും വർഷം കഴിയുമ്പോൾ മരുന്നിന്റെ സ്വാധീനം കുറഞ്ഞു വരും. മരുന്നിന്റെ നിരന്തരമായ ഉപയോഗത്താൽ ഉണ്ടാകുന്നതാണിത്. അനിയന്ത്രിതമായി രോഗത്തിന്റെ തീവ്രത കൂടിയെന്നും വരാം.
ഈ ഘട്ടത്തിലാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ചികിത്സാ രീതി ആവശ്യമായി വരുന്നത്. ചലനശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചികിത്സയാണിത്. മറ്റുരോഗങ്ങളില്ലാത്ത, എഴുപത് വയസിൽ താഴെയുള്ളവരിലാണ് ഈ ചികിത്സ ഫലപ്രദമായിട്ടുള്ളത്. താരതമ്യേന ചെലവ് കൂടിയ ചികിത്സയാണിത്. മരുന്നുകളല്ലാതെ യോഗ, ഫിസിയോ തെറാപ്പി തുടങ്ങിയ മാർഗങ്ങളും പാർക്കിൻസൺ രോഗികളുടെ ജീവിത നിലവാരം കൂട്ടാൻ സഹായിക്കും.