modi

ന്യൂഡൽഹി: വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന 22ാമത് എസ്.സി.ഒ ഉച്ചകോടിയിൽ (ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ) പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇതു സംബന്ധിച്ചുള്ള സർക്കാർ പ്രസ്താവന പുറത്തിറക്കി. മോദി എത്തുമെന്ന് ഉസ്ബക്കിസ്ഥാനും നേരത്തെ സൂചിപ്പിച്ചിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എന്നിവരും ഉച്ചകോടിക്കെത്തും. യുക്രെയിൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് മോദിയും പുട്ടിനും ഒരു വേദി പങ്കിടാനൊരുങ്ങുന്നത്. ഇന്ത്യ - ചൈന അതിർത്തിയിലെ സേനാപിന്മാറ്റങ്ങൾക്കിടെയാണ് ഷീയും ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങുന്നത്. മോദി ഷീയുമായും പുട്ടിനുമായും ഉഭയകക്ഷി ചർച്ച നടത്തിയേക്കും. 2019ൽ ബ്രസീലിയയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ഷീയും മോദിയും മുഖാമുഖമെത്തുന്നത്. ഷീയും പുട്ടിനും ഉഭയകക്ഷി ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉച്ചകോടിക്ക് ശേഷം ബീജിംഗ് ആസ്ഥാനമായുള്ള എസ്.സി.ഒയുടെ അദ്ധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കും. അടുത്ത വർഷത്തെ ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക. 2019ന് ശേഷം ആദ്യമായാണ് ഉച്ചകോടിയിൽ നേതാക്കൾ നേരിട്ടെത്തുന്നത്.

റഷ്യ, ഇന്ത്യ, ചൈന, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജികിസ്ഥാൻ എന്നിവരാണ് എസ്.സി.ഒയിലെ അംഗങ്ങൾ. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ, ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാഗിൻ ഖുറെൽസുഖ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. തുർക്കി, അസർബൈജാൻ, അർമേനിയ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്.