
തിരുവനന്തപുരം: നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ. ഷംസീറിന് പ്രായത്തേക്കാൾ പരിജ്ഞാനവും പക്വതയുമുള്ളത് സഭാനടത്തിപ്പിൽ മുതൽക്കൂട്ടാവുമെന്നും, യുവാവ് അദ്ധ്യക്ഷ സ്ഥാനത്തു വരുമ്പോൾ സഭയുടെ സമസ്ത പ്രവർത്തന മണ്ഡലങ്ങളിലും സവിശേഷമായ പ്രസരിപ്പ് പടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നടത്തിയ അനുമോദന പ്രസംഗത്തിൽ പറഞ്ഞു.
27നും 48നുമിടയിൽ പ്രായമുള്ള 31 അംഗങ്ങളുള്ള സഭയ്ക്ക് പൊതുവിൽ യുവത്വമുണ്ട്. തലശ്ശേരി കലാപത്തിൽ ആക്രമണത്തിനിരയായ കുടുംബത്തിൽ നിന്നുള്ള ഷംസീർ മതനിരപേക്ഷതയുടെ മൂല്യം സ്വന്തം കുടുംബത്തിന്റെ അനുഭവത്തിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഷംസീറിന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ട്. കള്ളക്കേസിൽ മൂന്നു മാസത്തിലധികം ജയിൽവാസം അനുഭവിക്കേണ്ടി വന്നു. വർഗീയ ശക്തികളുടെ ശാരീരികമായ ആക്രമണങ്ങളും നേരിട്ടു. നരവംശശാസ്ത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഷംസീർ അക്കാഡമിക് മികവും സമരവീര്യവും സംയുക്തമായി കൊണ്ടുപോകുന്നതിന്റെ മാതൃകയാണ്. സഭാകാര്യങ്ങൾ നിഷ്പക്ഷമായും കർമ്മോത്സുകമായും മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ റഫറിയും നിഷ്പക്ഷനുമാവണമെന്ന് അഭിപ്രായമില്ലെങ്കിലും, സർക്കാരിന്റെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉന്നതസ്ഥാനത്തിന് അനുയോജ്യമായ പ്രവർത്തനമാണുണ്ടാവേണ്ടത്. പ്രതിപക്ഷവും സ്പീക്കറുമായുള്ള സംഘർഷങ്ങൾ വ്യക്തിപരമല്ല. ഇടക്കാലത്ത് കൈവിട്ട നിയമസഭയുടെ അന്തസ് തിരിച്ചുപിടിക്കാനുള്ള ശ്രമമാണിപ്പോൾ. സഭയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് സ്പീക്കർ മുന്നോട്ടുപോവണമെന്നും ചരിത്രത്തിന്റെ ഭാഗമായി തീരാനാവട്ടെയെന്നും സതീശൻ ആശംസിച്ചു.
ഷംസീർ നടന്ന
വഴികൾ
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത്
കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാൻ.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് .
ബ്രണ്ണൻകോളേജിൽ നിന്ന് ഫിലോസഫി ബിരുദവും പാലയാട് കാമ്പസിൽ നിന്ന് നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവും പാലയാട് സ്‌കൂൾ ഒഫ് ലീഗൽ സ്‌റ്റഡീസിൽ എൽ.എൽ.ബിയും എൽ.എൽ.എമ്മും.
പ്രൊഫഷനൽ കോളേജ് പ്രവേശന കൗൺസിലിംഗിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി.
കള്ളക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു.
1999ൽ ധർമടം വെള്ളൊഴുക്കിൽ വെച്ച് ആർ.എസ്.എസ് അക്രമത്തിനിരയായി. തലനാരിഴയ്ക്ക് രക്ഷപെട്ടു
മലബാർ കാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിംഗ് ചെയർമാൻ.
2016ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിൽ. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാം തവണയും വിജയം.
കുടുംബം
കോടിയേരി മാടപ്പീടികക്കടുത്തെ എക്കണ്ടി നടുവിലേരി തറവാട്ടിൽ. റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്‌മാന്റെയും എ.എൻ. സറീനയുടെയും മകൻ. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂർ സർവകലാശാല ഗസ്‌റ്റ് ലക്‌ചർ). മകൻ: ഇസാൻ.