
പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധയെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ കടിച്ച നായയെ ഇന്നലെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി,എൽ ലാബിലാണ് പരിശോധന നടത്തിയത്.
ഷോളയൂരിലെ സ്വർണപ്പിരിവ് ഊരിലെ ആകാശിനെയാണ് തിരുവോണ ദിവസം തെരുവ് നായ കടിച്ചത്. വീട്ടുമുറ്റത്ത് നിൽക്കവെയാണ് നായയുടെ ആക്രമണം ഉണ്ടായത്. മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ആക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു, തെരുവ് നായ ശല്യം പരിഹരിക്കാൻ ഈ മാസം 20 മുതൽ വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി,