queen

ലണ്ടൻ : അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം ഇന്ന് ലണ്ടനിലെത്തിക്കും. ഇന്ത്യൻ സമയം രാത്രി 9.30 ഓടെ സെന്റ് ജൈൽസ് കത്തീഡ്രലിൽ നിന്ന് എഡിൻബറ വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന രാജ്ഞിയുടെ ഭൗതിക ശരീരം അവിടെ നിന്ന് റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽ പടിഞ്ഞാറൻ ലണ്ടനിലെ നോർത്തോൾട്ട് വിമാനത്താവളത്തിൽ എത്തിക്കും.

തുടർന്ന് ലണ്ടനിലെ ബക്കിംഗ്ഹാം പാലസിലെത്തിക്കും. മകൾ ആൻ രാജകുമാരിയാണ് ബക്കിംഗ്ഹാം പാലസ് വരെ രാജ്ഞിയുടെ ഭൗതിക ശരീരത്തോടൊപ്പം ഉണ്ടാവുക. നാളെ ഇന്ത്യൻ സമയം രാത്രി 9.30ന് രാജ്ഞിയുടെ മൃതദേഹം മിലിട്ടറി പരേഡോടെ ബക്കിംഗ്ഹാം പാലസിൽ നിന്ന് വെസ്റ്റ്‌മിൻസ്റ്റർ ഹാളിലെത്തിക്കും. 19ന് ഇന്ത്യൻ സമയം രാവിലെ 11 വരെ മൃതദേഹം ഇവിടെ പൊതുദർശനത്തിന് വയ്ക്കും. ശേഷം, വെസ്റ്റ്‌മിൻസ്റ്റർ ആബിയിൽ സംസ്കരിക്കും.

ഇന്നലെ സ്കോട്ട്‌ലൻഡിലെ എഡിൻബറയിലുള്ള ഹോളിറൂഡ്‌ഹൗസ് പാലസിൽ നിന്ന് രാജ്ഞിയുടെ മൃതദേഹം വഹിക്കുന്ന പേടകം വൈകിട്ട് എഡിൻബറ സെന്റ് ജൈൽസ് കത്തീഡ്രലിലെത്തിച്ചിരുന്നു. രാജ്ഞിയുടെ മകനും ബ്രിട്ടന്റെ പുതിയ രാജാവുമായ ചാൾസ് മൂന്നാമൻ റോയൽ മൈലിലൂടെയുള്ള വിലാപയാത്രയെ അനുഗമിച്ചു. രാജ്ഞിയുടെ മറ്റ് മക്കളായ ആൻ,​ ആൻഡ്രൂ,​ എഡ്വേഡ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസും പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തു. ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യത്തെ അഭിസംബോധന നടത്തിയ ശേഷമാണ് ചാൾസ് രാജാവ് എഡിൻബറയിലെത്തിയത്.