queen

മോസ്കോ : വ്ലാഡിമിർ പുട്ടിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് കാട്ടിയുള്ള തുറന്ന കത്തുമായി മോസ്കോയിലെയും സെന്റ് പീറ്റേഴ്സ്ബർഗിലെയും ഡസൻകണക്കിന് മുൻസിപ്പൽ പ്രതിനിധികൾ ( പ്രാദേശിക കൗൺസിലർമാർ ) രംഗത്ത്. അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തിരിമറി നടന്നെന്ന ആരോപണങ്ങൾക്കിടെയിലും യുക്രെയിനിൽ റഷ്യൻ സൈന്യം കനത്ത തിരിച്ചടി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലുമാണ് പുട്ടിന്റെ രാജിയ്ക്കായി ആവശ്യമുയർന്നത്. പ്രാദേശിക തിരഞ്ഞെടുപ്പിൽ ക്രെംലിൻ അനുകൂല സ്ഥാനാർത്ഥികൾ വിജയം തൂത്തുവാരിയിരുന്നു. അതേ സമയം, കത്തിൽ ഒപ്പുവച്ചിരിക്കുന്നവർക്ക് റഷ്യൻ ഭരണകൂടത്തിൽ നിന്നുള്ള നിയമനടപടി അഭിമുഖീകരിക്കേണ്ടി വന്നേക്കും. അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യയുടെ നടപടിയെ വിമർശിക്കുന്നവരെ ശിക്ഷിക്കാൻ നിയമം പുട്ടിൻ ഭരണകൂടം പാസാക്കിയിരുന്നു. അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച നിരവധി പേർ ഇതുപ്രകാരം അറസ്റ്റിലായിരുന്നു. പുട്ടിന്റെ നടപടികൾ റഷ്യയുടെയും പൗരന്മാരുടെയും ഭാവിയ്ക്ക് അപകടകരമാണെന്ന് കത്തിൽ പരാമർശിക്കുന്നു. 19 മുൻസിപ്പൽ ഡിസ്ട്രിക്റ്റുകളിൽ നിന്നുള്ള ജനപ്രതിനിധികളാണ് കത്തിൽ ആദ്യം ഒപ്പിട്ടത്. ഇന്നലെ 84 പേർ കൂടി ഇതിൽ ഒപ്പിട്ടെന്നാണ് വിവരം. പുട്ടിൻ സ്ഥാനമൊഴിയണമെന്ന ആവശ്യം ജനപ്രതിനിധികൾക്കിടെയിൽ കഴിഞ്ഞാഴ്ചയാണ് ആദ്യം ഉയർന്നത്. സെന്റ് പീറ്റേഴ്സ്ബർഗിലെ സ്മോൽനിൻസ്കോയെ ഡിസ്ട്രിക്റ്റിലെ ജനപ്രതിനിധികളിൽ ഒരാളായ ഡിമിട്രി പല്യൂഗയാണ് ആദ്യം പുട്ടിനെതിരെ ശബ്ദമുയർത്തിയത്. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ പുട്ടിനെ റഷ്യൻ പാർലമെന്റായ ഡൂമയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയെന്ന പേരിൽ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.