bear

ന്യൂയോർക്ക് : രണ്ട് വയസുകാരനായ മകൻ സൈറസിന്റെ പിറന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു യു.എസിലെ കണെറ്റികട്ടിലെ റൗഫ് - ലോറ ദമ്പതികൾ. വീടിന് പുറത്ത് ജന്മദിന പാർട്ടിയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം നടത്തി. മേശപ്പുറത്ത് കേക്കുകളും മിഠായികളും നിരത്തി. ചുറ്റും ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ചു. അതിഥികളെയും ക്ഷണിച്ചു. പാർട്ടി തുടങ്ങിയപ്പോൾ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കൂടി ഇവിടേക്ക് വന്നു. ഒരു കരടിയായിരുന്നു അത്. സമീപത്തെ വനമേഖലയിൽ നിന്നാണ് കരടി പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് വന്നത്. കരടിയെ കണ്ട് പേടിച്ച് ഏവരും ഓടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ കരടിയുടെ പ്രവൃത്തികൾ ഏവരിലും ചിരിപടർത്തി. മേശപ്പുറത്തിരുന്ന കപ്പ് കേക്കുകൾ ഓരോന്നായി കരടി അകത്താക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ റൗഫും ലോറയും പകർത്തി. മേശപ്പുറത്ത് ജ്യൂസും ബ്രെഡുമൊക്കെ ഉണ്ടായിരുന്നിട്ടും കപ്പ് കേക്കാണ് കരടിയ്ക്ക് ഇഷ്ടമായത്. കേക്ക് കഴിച്ച് തീർന്നതോടെ ആർക്കും ശല്യമുണ്ടാക്കാതെ ബ്ലാക്ക് ബിയർ ഇനത്തിലെ കരടി മടങ്ങിപ്പോവുകയും ചെയ്തു. കണെറ്റികട്ടിൽ കരടികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്ക്. ഈ വർഷം ഇതുവരെ 8,000 തവണയാണ് കണെറ്റികട്ടിൽ കരടികളെ കണ്ട സംഭവം റിപ്പോർട്ട് ചെയ്തത്. ശക്തമായ കേൾവി, ഘ്രാണ ശക്തിയുള്ളവയാണ് ബ്ലാക്ക് ബിയർ ഇനത്തിലെ കരടികൾ. ആഹാര പദാർത്ഥങ്ങളുടെ നേരിയ ഗന്ധത്തിന് പിന്നാലെ പോലും പിന്തുടർന്ന് പോകുന്നത് ഇവയുടെ ശീലമാണ്. ബ്രൗൺ ബിയറുകളെ അപേക്ഷിച്ച് പൊതുവെ മനുഷ്യരെ ഭയമുള്ളവരും ഒളിച്ച് നടക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് ബ്ലാക്ക് ബിയറുകൾ. വളരെ അപൂർവമായാണ് ഇവ അക്രമാസക്തരാകുന്നത്.