
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം പിന്നിടുകയാണ്. യാത്രയെ പരിഹസിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉറങ്ങാൻ വേണ്ടി സജ്ജമാക്കിയ കണ്ടെയ്നറുകളെ അദ്ദേഹം പരിഹസിച്ചിരുന്നു.
ചില മലയാളം മാദ്ധ്യമങ്ങളുടെ കണ്ടെയ്നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ കണ്ടെയ്‌നർ ജാഥ' ആർക്കെതിരെയാണെന്നും, ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബി ജെ പി ഇല്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചുകൊണ്ടാണെന്നു സ്വരാജ് പരിഹസിച്ചിരുന്നു. ഇപ്പോഴിതാ ഇതിനുമറുപടിയുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ടി ബൽറാം.
ഗൾഫ് നാടുകളിൽ പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന പ്രവാസി മലയാളികളടക്കം നിരവധി പേർ ഇത്തരം കണ്ടെയ്‌നർ ഹോമുകളിലാണ് കഴിയുന്നതെന്നും, "തൊഴിലാളി വർഗ"പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ഇത് ആരെങ്കിലും പറഞ്ഞുകൊടുക്കുന്നത് നല്ലതായിരിക്കുമെന്നും ബൽറാം മറുപടി നൽകി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളടക്കം നിരവധി പ്രവാസി മലയാളികൾ ഗൾഫിലെ പല ലേബർ ക്യാമ്പുകളിലും കഴിയുന്നത് കണ്ടെയ്നർ ഹോമുകളിലാണ്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്ന് "തൊഴിലാളി വർഗ"പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നൽകുന്നത് നന്നായിരിക്കും.