rahul-gandhi

തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നിൽ അണിനിരക്കുന്ന ബാൻഡ് സംഘത്തെപ്പറ്റിയുള്ള ആലോചന മുറുകിയപ്പോൾതന്നെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു- 'സർഗധാര മതി, മറ്റാരും വേണ്ട.' കേരളത്തിലും കർണാടകയിൽ ആദ്യത്തെ അഞ്ചു ദിവസവും യാത്രയ്‌ക്ക് അകമ്പടിയേകുന്നത് കണ്ണൂർ തളിപ്പറമ്പ് നടുവിലെ സർഗധാര ബാൻഡ് ടീമാണ്. കേരള നേതാക്കളിൽ നിന്ന് സർഗധാരയെപ്പറ്റി കേട്ടറിഞ്ഞ കർണാടക പി.സി.സിയും ഇവരുടെ സേവനം തേടുകയായിരുന്നു. കേരളത്തിൽ യാത്ര രണ്ടുദിവസം പിന്നിട്ടപ്പോൾതന്നെ ദേശീയ നേതാക്കളുടേതടക്കം ആശംസാപ്രവാഹമാണ്.

2010ൽ കാസർകോട്ട് സ്‌നേഹ സന്ദേശ യാത്ര നടത്താനെത്തിയ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം അഞ്ചു ദിവസം കൂടിയതാണ് സർഗധാര ബാൻഡ് സംഘത്തിന് വഴിത്തിരിവായത്. പ്രകടനം ഇഷ്‌ടപ്പെട്ട ചെന്നിത്തല തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മൻചാണ്ടി നടത്തിയ കേരളയാത്രയിലും സർഗധാരയെ ഒപ്പംകൂട്ടി. തുടർന്നു വന്ന കെ.പി.സി.സി അദ്ധ്യക്ഷന്മാരുടെ കേരളയാത്രകളിലും ഇവരുടേതായിരുന്നു ബാൻഡ് മേളം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ മേഖല യാത്രകളിലും ഇവരുണ്ടായിരുന്നു. മുസ്ലീം ലീഗ് യാത്രകളിലും ആവേശം വിതറാൻ സർഗധാര എത്തി. ഇപ്പോൾ യു.ഡി.എഫിന്റെ ബാൻഡ് ടീമെന്നാണ് സർഗധാര അറിയപ്പെടുന്നത്.

ഒരുപാട് കേരളയാത്രകൾക്ക് അകമ്പടി പോയിട്ടുണ്ടെങ്കിലും രാഹുലിന്റെ യാത്ര കടുപ്പമെന്നാണ് സർഗധാര ടീമംഗങ്ങൾ പറയുന്നത്. ഒരു ദിവസം ഇരുപത്തഞ്ചോളം കിലോമീറ്ററാണ് ബാൻഡും തൂക്കി നടക്കേണ്ടി വരുന്നത്. ആദ്യ ദിവസം രാഹുലിന്റെ വേഗത്തിലുള്ള നടത്തത്തിനൊപ്പമെത്താൻ ബുദ്ധിമുട്ടി. ഇപ്പോൾ അതുമായി ഇണങ്ങിച്ചേർന്നു. 21 അംഗങ്ങളാണ് ടീമിലുള്ളത്. കോഴിക്കോട്ടെ ഒരു ഹോട്ടലിലെ ഷെഫായ സബീറാണ് ക്യാപ്‌ടൻ. ഷമീർ കോ-ഓർഡിനേറ്ററും ഫാസിൽ മാനേജരുമാണ്.