dog-

കേരളത്തിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമായി തുടരവേ അനധികൃത അറവ് ശാലകളാണ് യഥാർത്ഥ വില്ലനെന്ന് ബി ജെ പി നേതാവ് സന്ദീപ് വചസ്പതി. രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവു പട്ടികൾ മനുഷ്യനെ ആക്രമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഈ വിഷയം ചർച്ച ചെയ്യാത്തത് ദുരൂഹമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തെരുവു നായ്ക്കളുടെ അക്രമത്തെ പറ്റി വാചാലരാകുന്നവർ യഥാർത്ഥ കാരണം ചർച്ച ചെയ്യാത്തത് ദുരൂഹമാണ്. സംസ്ഥാനത്തെ എല്ലാ റോഡരികുകളിലും കൂണു പോലെ മുളയ്ക്കുന്ന കശാപ്പു ശാലകളാണ് ഇതിലെ നിശബ്ദ വില്ലൻ. രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവു പട്ടികൾ മനുഷ്യനെ അക്രമിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ. ശാസ്ത്രീയമായ അറവ് ശാലകൾ സ്ഥാപിക്കാനും അനധികൃത കശാപ്പു ശാലകളെ നിയന്ത്രിക്കാനും അധികൃതർ തയ്യാറാകാത്തിടത്തോളം നായ പ്രശ്നം തുടരുക തന്നെ ചെയ്യും.

ആലപ്പുഴ നഗരത്തിൽ സ്ഥാപിച്ച ശാസ്ത്രീയ അറവ് ശാല നഗരസഭയുടെ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നിരവധി സമരം ചെയ്തെങ്കിലും സിപിഎം ഭരിക്കുന്ന നഗരസഭയ്ക്ക് അനക്കമില്ല. കോടികൾ മുടക്കി സ്ഥാപിച്ച മെഷീനുകൾ തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. ക്രൂരമായും വൃത്തിഹീനമായ സാഹചര്യത്തിലും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും മാംസം വിൽക്കുന്നതും കോടതികൾ വിലക്കിയിട്ടുണ്ടെങ്കിലും നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പേപ്പട്ടികളെ വിഹരിക്കാൻ അനുവദിക്കുക മാത്രമല്ല ഒരു തലമുറയെ മുഴുവൻ രോഗികളാക്കാനും സർക്കാർ കൂട്ടു നിൽക്കുകയാണ്. എന്തിൻ്റെ പേരിലായാലും ഇതിന് തടയിടാൻ സർക്കാർ തയ്യാറാകണം.