
നിറയെ നേരുകളുള്ള കാടാവണം
ജീവിതം
കനത്ത സ്‌നേഹവേരുകൾ പാകിയ
തെന്നിവീണു പോകാത്ത തറ
വിശ്വാസത്തിന്റെ ചാരനിറം പൂശിയ
ചുവരുകൾ
ത്യാഗത്തിന്റെ
കരുതലിന്റെ
കനിവാർന്ന കാതൽമണങ്ങൾ
വീടാകെ!
പ്രണയത്തിന്റെ പക്ഷിപ്പേച്ചുകൾ
തലങ്ങും വിലങ്ങും തുള്ളിപ്പറക്കണം
എല്ലാ വാതിലുകളും എല്ലാ ജനാലകളും
മുറ്റത്തെ പിച്ചകമണങ്ങളിലേക്കു തുറന്നിരിക്കണം.
ഇതു കാടല്ലേ?
കാട്ടരുവിയില്ലാതെ
പൂർണ്ണമാകാമോ?
ആകാം...
മലമുകളിൽ നിന്നൊഴുകി
കടലാഴങ്ങളിൽ പരക്കും
അരുവികളില്ലാത്ത കാട്!
ഇവിടെ പെയ്ത്
ഇവിടെ നിറയുന്ന
ചെറുമഴകളുടെ കാട്
നിറയെ നേരുകളുള്ള കാട്
പച്ചപ്പായലു പിടിച്ച
കുളപ്പടവിൽനിന്ന്
ആഴത്തിലേയ്ക്കാഴ്ന്നാഴ്ന്ന്
പോകുമ്പോഴും
പുഞ്ചിരിമായാതവളാ
കനവിലായിരുന്നു.