suvendu-adhikari

കൊൽക്കത്ത: അഴിമതി ആരോപണങ്ങളെ തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതോടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി പേർ അറസ്റ്റിൽ. മാർച്ച് സെക്രട്ടേറിയറ്റിലെത്തും മുമ്പ് ഹൗറയിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർ പൊലീസ് വാഹനത്തിന് തീയിട്ടു. കല്ലെറിഞ്ഞ പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് പിരിഞ്ഞു പോയ പ്രവർത്തകർ വീണ്ടും തിരിച്ചെത്തി അക്രണം തുടർന്നു.

സുവേന്ദു അധികാരി,​ ലോക്കറ്റ് ചാറ്റർജി എം.പി,​ ബി.ജെ.പി നേതാവായ രാഹുൽ സിൻഹ തുടങ്ങി നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ലോക്കറ്റ് ചാറ്റർജി,​ രാഹുൽ സിൻഹ തുടങ്ങിയവരെ രണ്ടാം ഹുഗ്ലി പാലത്തിലാണ് പൊലീസ് തടഞ്ഞത്. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയതോടെ ഹൗറയിലും കൊൽക്കത്തയിലും യുദ്ധസമാനമായ സാഹര്യമായി. റാണിഗഞ്ചിൽ ബി.ജെ.പി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ നേതൃത്വത്തിൽ മറ്റൊരു മാർച്ചും സംഘടിപ്പിച്ചിരുന്നു. മാർച്ചിൽ പങ്കെടുക്കുന്ന പ്രവർത്തകരെ എത്തിക്കുന്നതിന് ഏഴ് ട്രെയിനുകളാണ് ബി.ജെ.പി ഒരുക്കിയത്. കൊൽക്കത്തയിലേക്ക് പ്രവർത്തകരുമായി എത്തിയ ബസുകൾ പൊലീസ് തടഞ്ഞു. നഗരത്തിന്റെ മൂന്നിടങ്ങളിൽ നിന്നാണ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.

ബംഗാളിനെ ഉത്തരകൊറിയ ആക്കാനാണ് മമത ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവർ പൊലീസിനെ ഉപയോഗിച്ച് ഏകാധിപതിയായി പെരുമാറുകയാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. സംഭവ സമയത്ത് മമതാ ബാനർജി സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നില്ല.