
എല്ലാ ക്ളാസുകളിലും പഠിപ്പിക്കുന്നവരുടെ ചൊൽപ്പടിയ്ക്ക് നിൽക്കാതെ കുറുമ്പ് കാണിക്കുന്ന കുരുന്നുകൾ കാണും. അവരെ അനുസരണ പഠിപ്പിക്കുന്നത് അദ്ധ്യാപകർക്ക് വലിയൊരു തലവേദന തന്നെയാണ്. എന്നൽ അത്തരത്തിലൊരു കുറുമ്പൻ
തെറ്റ് ചെയ്തതിന് അദ്ധ്യാപികയോട് ക്ഷമ ചോദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ട്വിറ്റർ വഴി ഷെയർ ചെയ്ത വീഡിയോയിൽ ക്ളാസിൽ അടങ്ങി ഇരിക്കാത്തതിന് കുരുന്നിനോട് പിണങ്ങിയിരിക്കുന്ന ടീച്ചറിനെ കാണാം. ടീച്ചറിന്റെ പിണക്കത്തിൽ വിഷമം താങ്ങാനാകാതെ കുരുന്ന് ഞാനിനി തെറ്റ് ആവർത്തിക്കില്ല എന്ന് വീണ്ടും വീണ്ടും പറയുന്നുണ്ട്. പിണക്കം മാറ്റാനായി ടീച്ചറിന് ഇടയ്ക്കിട്ക്ക് കവിളിൽ ഉമ്മയും അവൻ നൽകുന്നുണ്ട്.
ചെയ്യില്ല എന്ന് എത്ര പറഞ്ഞാലും അവസാനം നീ വീണ്ടുമത് ചെയ്യും, അത് കൊണ്ട് നിന്നോടിനി സംസാരിക്കില്ല എന്ന് തീർത്ത് പറയുന്ന ടീച്ചറിന്റെ മനസ്സ് എന്തായാലും കുരുന്നിന്റെ നിഷ്കളങ്കമായ ഏറ്റ് പറച്ചിലിനും സ്നേഹം ചാലിച്ച ഉമ്മകൾക്കും നടുവിൽ തോറ്റ് പോകുന്നുണ്ട്. പിണക്കം മാറിയ ടീച്ചറിൽ നിന്നും കവിളത്ത് ഒരു ഉമ്മയും തിരികെ വാങ്ങി പ്രശ്നം പരിഹരിച്ച് നിൽക്കുന്ന കുട്ടിക്കുറുമ്പൻ എന്തായാലും സോഷ്യൽ മീഡിയയും വീഡിയോ കണ്ടവരുടെ മനസ്സും ഒരു പോലെ കീഴടക്കിക്കഴിഞ്ഞു.
ऐसा स्कूल मेरे बचपन में क्यों नहीं था 😏😌 pic.twitter.com/uHkAhq0tNN
— ज़िन्दगी गुलज़ार है ! (@Gulzar_sahab) September 12, 2022
3 ലക്ഷത്തിലധികം പേരാണ് 1 മിനിറ്റ് പോലുമില്ലാത്ത വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞത്. വിരട്ടലും തല്ലുമൊന്നുമില്ലാതെ കുരുന്നിനെക്കൊണ്ട് തെറ്റ് തിരുത്തിപ്പിച്ച ഇത്രയും നല്ലൊരു അധ്യാപിക ഞങ്ങൾക്കില്ലാതെ പോയതിലെ അസൂയയും പലരും വീഡിയയോടൊപ്പം പങ്കുവെയ്ക്കുന്നുണ്ട്.