
തിരുവനന്തപുരം : സംസ്ഥാനത്ത്തെരുവ്നായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള എ.ബി.സി പദ്ധതി നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ നടപ്പിലാക്കുക. ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സെക്രട്ടറി എന്നിവരടങ്ങിയ നാലംഗസമിതിയായിരിക്കും തീരുമാനങ്ങൾ ഏകോപിപ്പിക്കുന്നത്.
സർക്കാരിന്റെ നേതൃത്വത്തിൽ കൊവിഡ്, പ്രളയകാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ ഇടപെടലാണ് തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിൽ ഉണ്ടാകുകയെന്ന് മന്ത്രി വ്യക്തമാക്കി.
മാലിന്യം നീക്കാൻ കർശന നടപടിയെടുക്കണം. ഹോട്ടലുകൾ, കല്യാണ മണ്ഡപം, മാംസ വ്യാപാരികൾ അടക്കമുള്ളവരുടെ യോഗം ജില്ലാടിസ്ഥാനത്തിൽ വിളിച്ച് ചേർക്കണം. ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണം. ക്ലീൻ കേരളാ കമ്പനി വഴി മാലിന്യം സംസ്‌കരിക്കണം. എം.എൽ.എമാരുടെ കൂടി നേതൃത്വത്തിൽ മണ്ഡലം തല യോഗം വിളിക്കണം. തെരുവുനായ പ്രശ്നം വേഗത്തിൽ തന്നെ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രിമാരായ എം.ബി രാജേഷും കെ.രാജനും വിശദീകരിച്ചു.