
6 കോടി സ്പോർട്സ് കൗൺസിൽ ചോദിച്ചു
3 കോടി ധനകാര്യവകുപ്പ് അനുവദിച്ചു
തിരുവനന്തപുരം : ഈ മാസം 27 മുതൽ ഒക്ടോബർ പത്തുവരെ ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള കേരള ടീമിന്റെ തയ്യാറെടുപ്പുകൾക്കായി സംസ്ഥാന സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടത് ആറുകോടി രൂപ. എന്നാൽ ധനകാര്യവകുപ്പ് അനുവദിച്ചത് മൂന്ന് കോടി മാത്രം. ഇതോടെ കായിക ഇനങ്ങളിലെ ടീമുകളുടെ പരിശീലന ക്യാമ്പുകളും കായിക ഉപകരണങ്ങളും ജഴ്സിയും ട്രാക്ക് സ്യൂട്ടുമൊക്കെ വാങ്ങലും യാത്ര,ഭക്ഷണച്ചെലവുകളുമൊക്കെ പകുതിക്കാശിൽ ഒരുക്കാനുള്ള തത്രപ്പാടിലാണ് കൗൺസിൽ. പരമാവധി ചുരുങ്ങിയ ചെലവിൽ ടീമിനെ പങ്കെടുപ്പിക്കാനാണ് കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരിക്കുന്നത്.
നാൽപ്പത് ദിവസത്തോളമായി പല കായിക അസോസിയേഷനുകളും പരിശീലനക്യാമ്പ് നടത്തിവരികയാണ്. അഡ്വാൻസ് ഫണ്ടായി ഒന്നരലക്ഷം രൂപ മാത്രം വീതമാണ് അസോസിയേഷനുകൾക്ക് നൽകിയത്. ടീമിനങ്ങളിൽ പതിനെട്ടോളം താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ക്യാമ്പുകൾക്കായി അഞ്ചുലക്ഷത്തിലേറെ സ്വന്തം കയ്യിൽ നിന്ന് മുടക്കിയ അസോസിയേഷനുകളുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ടീമിനെ അയച്ചവകയിൽ കിട്ടാനുള്ള ഗ്രാന്റും പല അസോസിയേഷനുകൾക്ക് ലഭിച്ചിട്ടില്ല.
അതേസമയം ഗെയിംസിൽ പങ്കെടുക്കുന്നവരെ മാത്രം ക്യാമ്പിൽ പങ്കെടുപ്പിച്ചാൽമതിയെന്ന മന്ത്രിയുടെ നിർദ്ദേശവും വിവാദമായിട്ടുണ്ട്. ടീം ഗെയിമുകളിൽ പരസ്പരം ടീമിട്ട് പരിശീലനം നൽകാൻ എന്തുചെയ്യുമെന്നാണ് അസോസിയേഷനുകൾ ചോദിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കായിക ഉപകരണങ്ങൾ വാങ്ങാനുള്ള പണവും ഇതുവരെ അസോസിയേഷനുകൾക്ക് കൗൺസിൽ നൽകിയിട്ടില്ല.കായികതാരങ്ങളുടെ ദിനബത്തയിൽ കുറവുവരുത്താനും ആലോചിച്ചിരുന്നു.
ഗെയിംസിൽ പങ്കെടുക്കാനുള്ള കേരള ടീമിന്റെ ജഴ്സിയും ട്രാക്ക് സ്യൂട്ടുമൊക്കെ വാങ്ങാൻ അതത് അസോസിയേഷനുകളെയാണ് കൗൺസിൽ ഏൽപ്പിച്ചിരിക്കുന്നത്.എല്ലാവർക്കും കൂടി ഒരുമിച്ച് വാങ്ങുമ്പോൾ ടെൻഡർ വേണ്ടിവരുമെന്നതും അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകുമ്പോൾ ദിവസങ്ങളെടുക്കുമെന്നതുകൊണ്ടുമാണ് അസോസിയേഷനുകളെ ഇത് ഏൽപ്പിച്ചതെന്നാണ് വിശദീകരണം. ജഴ്സി നിർമാണ കമ്പനികളുമായി കൗൺസിൽ വിലപേശൽ നടത്തി ഡിസൈൻ ഉറപ്പിച്ചശേഷം അസോസിയേഷനുകൾ വഴി വാങ്ങും. അതിനുള്ള പണം കൗൺസിൽ അസോസിയേഷനുകൾക്ക് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന താരങ്ങൾക്കുള്ള സാരി ഉൾപ്പടെയുള്ള കേരളീയ വേഷം കൗൺസിൽ നേരിട്ട് വാങ്ങിയിട്ടുണ്ട്.